|    Jan 24 Tue, 2017 6:47 pm
FLASH NEWS

മുസ്‌ലിംകള്‍ക്കെതിരായ വ്യാജ ഭീകരവാദ കേസുകളില്‍ കേന്ദ്രമന്ത്രിക്ക് ആശങ്ക

Published : 2nd June 2016 | Posted By: SMR

അലിഗഡ്: രാജ്യത്തെ മുസ്‌ലിം യുവാക്കള്‍ക്കെതിരായ വ്യാജ ഭീകരവാദ കേസുകളില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. ദീര്‍ഘനാളായി മുസ്‌ലിം വിഭാഗങ്ങള്‍ നേരിടുന്ന യാതന അവസാനിപ്പിക്കാന്‍ നിയമ പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരബന്ധം ചുമത്തി മുസ്‌ലിം യുവാക്കള്‍ക്കെതിരേ എടുക്കപ്പെടുന്ന മിക്ക കേസുകളും കോടതിയിലെത്തുന്നതോടെ തെളിവില്ലെന്ന കാരണത്താല്‍ തള്ളുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുസ്‌ലിം സമുദായം സായുധസംഘമായ ഐഎസിനെതിരായതിനാല്‍ ഇവരില്‍നിന്നു രാജ്യത്തിന് ഭീഷണിയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചതിനു പിന്നാലെയാണ് ഗൗഡയുടെ പരാമര്‍ശം.
തെളിവില്ലാതെ ഇത്തരത്തില്‍ വ്യാജ കേസുകള്‍ ചുമത്തുന്നതു മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്കു വഴിവച്ചിരിക്കുകയാണ്.

കേസ് കോടതിയിലെത്തുംവരെ യുവാക്കള്‍ക്ക് പോലിസ് പീഡനം ഏല്‍ക്കേണ്ടിവരികയും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്നു മോചിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടു വരുന്നതിന് ക്രിമിനല്‍ നടപടിചട്ടങ്ങളില്‍ പരിഷ്‌കരണം വരുത്തുന്നതിനായി നിയമ കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കി വരികയാണ്. ജാമ്യം, വിചാരണ കാലതാമസം എന്നിവയില്‍ സമയോചിതമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കും. സുപ്രിം കോടതി ജഡ്ജി ചെയര്‍പേഴ്‌സണായ സമിതിയാവും നിയമപരിഷ്‌കരണത്തെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുക.
ഭീകര കേസുകളില്‍ പിടിയിലാവുകയും പിന്നീട് തെളിവില്ലാത്തതിനാല്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്ന യുവാക്കളുടെ പുനരധിവാസം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ജയ്‌ശെ മുഹമ്മദ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത 10 പേരില്‍ ഏഴു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതോടെയാണ് വീണ്ടും പ്രശ്‌നം മുഖ്യധാരയില്‍ ചര്‍ച്ചയായത്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നിസാറുദ്ദിന്‍ അഹമ്മദ് 23 വര്‍ഷം നീണ്ട കാരാഗൃഹ വാസത്തിനൊടുവില്‍ നാളുകള്‍ക്ക് മുമ്പ് കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ വിചാരണ തടവുകാരായ ശേഷം കുറ്റവിമുക്തരാക്കപ്പെടുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് കനത്ത പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 177 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക