|    Oct 20 Fri, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശം ; സെന്‍കുമാറിനെതിരേ കേസെടുത്തു

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മതസ്പര്‍ധ നടത്തുന്നവിധത്തില്‍ അഭിമുഖം നല്‍കിയതിന് 153(എ) വകുപ്പ് പ്രകാരം സൈബര്‍ പോലിസാണ് കേസെടുത്തത്.  ഇതിനു പുറമെ പോലിസ് ഐടി ആക്ടിലെ വകുപ്പുകളും ചുമത്തും. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരേയും കേസെടുത്തു.  കേസെടുക്കാവുന്ന പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ആര്‍എസ്എസ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതാണ് കൂടുതല്‍ ആപല്‍ക്കരമെന്നും സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഐഎസിനെയും ആര്‍എസ്എസിനെയും ഒരേപോലെ കാണാന്‍ കഴിയില്ല. മുസ്‌ലിംകള്‍ ലൗ ജിഹാദ് പോലുള്ളവയില്‍ ഏര്‍പ്പെടാതിരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി കെ പി തൗഫീഖ് എന്നിവരുടേതടക്കം എട്ടു പരാതികള്‍ ഡിജിപിക്ക് ലഭിച്ചിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് ഡിജിപി പോലിസ് ലീഗല്‍ അഡൈ്വസറോട് നിയമോപദേശം തേടിയിരുന്നു.കേസെടുക്കാവുന്ന പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയതെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിനായിരുന്നു അന്വേഷണച്ചുമതല. അതിനിടെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭ്യമാവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക