|    Mar 22 Thu, 2018 10:59 pm
Home   >  Todays Paper  >  Page 5  >  

മുസ്‌ലിംകളെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണം: മെക്ക

Published : 19th October 2016 | Posted By: SMR

കൊച്ചി: രാജ്യത്തെ മൂന്നിലൊന്നു വരുന്ന ദരിദ്ര ജനകോടികളുടെ ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ എന്നിവയ്ക്ക് പരിഹാരം കാണാതെ തീവ്രവാദ-ഭീകരവാദ ലേബല്‍ ചാര്‍ത്തി കുപ്രചാരണങ്ങള്‍ നടത്തി മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണകൂട നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി മുസ്‌ലിം ന്യൂനപക്ഷ നേതാക്കളെയും സംഘടനകളെയും തളര്‍ത്തി വോട്ടുബാങ്ക് ലക്ഷ്യമിടുന്ന മോദി സര്‍ക്കാര്‍ ഭരണഘടനയെ പുച്ഛിച്ചു തള്ളി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
ആപല്‍ക്കരമായ ഇത്തരം പ്രശ്‌നങ്ങളെ ഗൗരവപൂര്‍വം പരിഗണിച്ച് രാജ്യത്തെ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മെക്ക ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് പോലുള്ള വിവാദ വിഷയങ്ങളുയര്‍ത്തി രാഷ്ട്രീയലാഭത്തിനായി ഹിന്ദുത്വ ശക്തികളും സംഘപരിവാര നിയന്ത്രിത ബിജെപി സര്‍ക്കാരും രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് മൂടിവയ്ക്കുകയാണ്.
കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലെ പിന്നാക്ക വിഭാഗങ്ങളുടെ ജാതിതിരിച്ചുള്ള കണക്കുകള്‍ ശേഖരിച്ച മൂന്നംഗ നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് 15വര്‍ഷം കഴിഞ്ഞിട്ടും പിന്നാക്ക പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ കഴിഞ്ഞിട്ടില്ല. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളും അടിയന്തരമായി നടപ്പിലാക്കുവാനും ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവിടാനും ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. എന്‍ കെ അലി, പി എം എ ജബ്ബാര്‍, പ്രഫ. ഇ അബ്ദുല്‍ റഷീദ്, ബഷീര്‍ കോയ മുസ്‌ല്യാര്‍, എന്‍ സി ഫാറൂഖ്, യു എ റഷീദ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss