|    Oct 24 Wed, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്ലിം അഭയാര്‍ഥികള്‍ക്കുമുമ്പില്‍അതിര്‍ത്തികള്‍ കൊട്ടിയടച്ച് യുഎസ്‌

Published : 29th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: ‘ഇസ്‌ലാമിക ഭീകരവാദം’ ചെറുക്കാനെന്ന പേരില്‍ മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് കര്‍ശന വിലക്കുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏഴു മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളെയും സന്ദര്‍ശകരെയും വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്. സ്വന്തം പൗരന്‍മാരെ രക്ഷിക്കാനുള്ള മാര്‍ഗം മുസ്‌ലിം അഭയാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തലാണെന്ന് ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് പെന്റഗണില്‍ വ്യക്തമാക്കി.പുതിയ ഉത്തരവനുസരിച്ച് ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാവും. സിറിയ, ലിബിയ, സോമാലിയ, സുദാന്‍, ഇറാന്‍, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 90 ദിവസത്തേക്ക് വിസ അനുവദിക്കില്ല. അഭയാര്‍ഥികളുടെ വിസ റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് പരിഗണന നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ഉത്തരവ് പറയുന്നു.ഉത്തരവ് നടപ്പിലാവുന്നതോടെ വരാനിരിക്കുന്ന 120 ദിവസത്തേക്ക് യുഎസ് അഭയാര്‍ഥി പുനരധിവാസ പദ്ധതി നിര്‍ത്തിവയ്ക്കും. സിറിയന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയല്ലെന്ന് ബോധ്യപ്പെടുന്നതുവരെ യുഎസിലേക്കുള്ള സിറിയക്കാരുടെ വരവ് അനന്തമായി വിലക്കുമെന്നും ട്രംപ് ഒപ്പുവച്ച ഉത്തരവ് വ്യക്തമാക്കുന്നു. മുസ്‌ലിംകള്‍ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ തീരുമാനത്തിനെതിരേ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നീക്കം യുഎസ് ഭരണഘടന ലംഘനമാണെന്ന് യുഎസ് സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്റോണി റോമിയോ പറഞ്ഞു. ഹൃദയഭേദകമായ തീരുമാനമെന്നാണ് നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ് സായി അഭിപ്രായപ്പെട്ടത്. യുദ്ധങ്ങളിലും ആഭ്യന്തരകലാപങ്ങളിലും നിന്ന് ഓടിയെത്തുന്ന കുട്ടികളുടെയും അമ്മമാരുടെയും മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്ന സമീപനമാണ് ട്രംപിന്റേതെന്നും മലാല പറഞ്ഞു. യുഎസ് ഒരു കുടിയേറ്റ രാജ്യമാണെന്നും ഇതില്‍ അഭിമാനിക്കണമെന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. പൊതുവില്‍ വളരെ കുറച്ച് അഭയാര്‍ഥികള്‍ക്കാണ് യുഎസ് പ്രവേശനം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss