|    Nov 15 Thu, 2018 1:28 am
FLASH NEWS

മുസ്്‌ലിംലീഗ് നേതൃത്വത്തിന്റെ അഴിമതിക്കെതിരേ യൂത്ത്‌ലീഗ് നേതാവ്

Published : 19th May 2017 | Posted By: fsq

 

കണ്ണൂര്‍: മുസ്്‌ലിംലീഗ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട അഴിമതിക്കഥകള്‍ പാര്‍ട്ടിയില്‍ കലാപത്തിന് വഴിവയ്ക്കുന്നു. വാരം പുറത്തീല്‍ പള്ളിയിലെ ധനസമാഹരണം, ജില്ലാ കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന തില്ലങ്കേരി കാവുംപടി സിഎച്ച്എം സ്‌കൂളിലെ നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച വി പി മൂസാന്‍കുട്ടി നടുവില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തിലൊന്നും ഗൗരവമായ ഒരു അന്വേഷണവും നടത്തുന്നില്ല. അഴിമതിക്കാര്യത്തില്‍ നേതാക്കള്‍ ഒന്നാ—ണ്. പാര്‍ട്ടിയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയെന്നും മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗമായ മൂസാന്‍കുട്ടി കുറ്റപ്പെടുത്തി. സത്യം പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോവും. ആരോപണവിധേയരായ നേതാക്കളെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. പുറത്തീല്‍ പള്ളിയിലെ അഴിമതിയുമായി ബന്ധപ്പെട്ട വിഷയം 2015ല്‍ തന്നെ ജില്ലാ നേതൃത്വത്തിന്റെ മുന്നിലെത്തിയിരുന്നു. എന്നിട്ടും ഗൗരവമായ അന്വേഷണം നടന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം താന്‍ ഉന്നയിച്ചപ്പോള്‍ മാത്രമാണ് അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ പാര്‍ട്ടി തയ്യാറായത്. 10 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നര മാസമായിട്ടും വിവരമില്ല. ഇത് ആരോപണവിധേയരെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അവസാനമായി ഈമാസം 15ന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചെങ്കിലും അതുമുണ്ടായില്ല. ആരോപണമുന്നയിച്ച വ്യക്തിയെന്ന നിലയില്‍ തന്റെ പക്കലുള്ള തെളിവുകള്‍ കമ്മീഷനു മുമ്പാകെ ഹാജരാക്കാന്‍ വിളിപ്പിക്കണമെന്ന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. വിഷയം പാര്‍ട്ടിവേദിയില്‍ ഉന്നയിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്താനും മാനസികമായി തകര്‍ക്കാനും തന്നെ അറിയിക്കാതെ ജില്ലാ കമ്മിറ്റി യോഗം ചേരാനും നേതൃത്വം തയ്യാറായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ വീതിച്ചെടുത്ത് പാര്‍ട്ടിവിരുദ്ധര്‍ക്ക് ജോലി നല്‍കിയതിന്റെ പേരിലും വന്‍തുക കോഴ വാങ്ങിയതായും മൂസാന്‍കുട്ടി പറഞ്ഞു. കാവുംപടി സിഎച്ച്എം സ്‌കൂളിലെ നിയമനങ്ങളില്‍ കോടിക്കണക്കിന് രൂപ ചില ജില്ലാ നേതാക്കള്‍ കൈപ്പറ്റിയിട്ടുണ്ട്. ഇതിനകം നിയമിച്ച 14 അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണത്തിനു കണക്കില്ല. 15 മുതല്‍ 22 ലക്ഷം രൂപ വരെ ഓരോരുത്തരില്‍നിന്ന് വാങ്ങിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് സുഖയാത്രയും ആഡംബരജീവിതവും നയിക്കുന്ന നേതാക്കള്‍ പാവപ്പെട്ട പ്രവര്‍ത്തകരെ ബലിയാടാക്കുകയാണ്. ഇതിനെതിരേ ജില്ലയിലുടനീളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. അഴിമതിക്കാര്‍ക്ക് തുടരാനാവാത്ത വിധം ഏതറ്റംവരെയും പോവും. സത്യം ഉടന്‍ പുറത്തുവരുമെന്നും മൂസാന്‍കുട്ടി പറഞ്ഞു. പുറത്തീല്‍ പള്ളിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ പി താഹിറിനെ ചക്കരക്കല്ല് പോലിസ് ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതേക്കുറിച്ച് ലീഗ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ച മൂസാന്‍കുട്ടിയെ ചിലര്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചത്. മൂസാന്‍കുട്ടിയെ പിന്തുണച്ച് നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സമൂഹികമാധ്യമങ്ങളിലടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss