|    Sep 22 Sat, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുസ്ലികള്‍ക്ക് യുഎസില്‍ വിലക്കേര്‍പ്പെടുത്തിയതിനു മറുപടി : അമേരിക്കന്‍ പൗരന്‍മാര്‍ക്ക്പ്രവേശനം വിലക്കി ഇറാന്‍

Published : 30th January 2017 | Posted By: fsq

 

തഹ്‌റാന്‍: മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുടിയേറ്റ നിയന്ത്രണവും പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവിന് ശക്തമായ തിരിച്ചടിയുമായി ഇറാന്‍. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് പ്രവേശനം വിലക്കിയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം ട്രംപിന്റെ നടപടികളോട് പ്രതികരിച്ചത്. ട്രംപിന്റെ തീരുമാനം മുസ്്‌ലിം ജനതയെ അപമാനിക്കുന്നതാണ്. ഇത് അക്രമങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാവുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും യുഎസ് നല്‍കിയ സംഭാവനയായി തീരുമാനം വായിക്കപ്പെടുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.ആഭ്യന്തര സുരക്ഷയൊരുക്കല്‍ രാജ്യത്തിന്റെ കടമയാണ്. എന്നാല്‍, അതിനു സഞ്ചാരികളെയല്ല വിലക്കേണ്ടതെന്നും ഇറാന്‍ ഓര്‍മിപ്പിച്ചു. നേരത്തേ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള യുഎസ് നീക്കത്തെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വിമര്‍ശിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതിലുകള്‍ കെട്ടിത്തിരിക്കേണ്ട കാലമല്ല ഇതെന്ന് ട്രംപിന്റെ പേരു പരാമര്‍ശിക്കാതെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ബര്‍ലിന്‍ മതില്‍ കടപുഴകിയത് അവര്‍ മറന്നുകാണും. സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കേണ്ട കാലഘട്ടമാണിതെന്നുമായിരുന്നു റൂഹാനി യുഎസിനെ ഓര്‍മിപ്പിച്ചത്.  ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് 120 ദിവസത്തെ വിലക്കാണ് യുഎസ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാവുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുദാന്‍, ലിബിയ, സോമാലിയ, യമന്‍ എന്നീ ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും വിലക്കിയിരുന്നു. അധികാരമേറ്റ് ദിവസങ്ങള്‍ക്കകം നിരവധി വിവാദ ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചത്. മെക്‌സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം, രാജ്യത്തെ തൊഴിലവസരങ്ങള്‍ നാട്ടുകാര്‍ക്ക് ഉറപ്പാക്കല്‍, ക്രിസ്ത്യാനികളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയ നയങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്.അതേസമയം, ചെക് റിബ്ലിക് പ്രസിഡന്റ് മിലോസ് സിമന്‍ ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ചു. അമേരിക്കക്കാരുടെ സുരക്ഷയാണ് അദ്ദേഹം പരിഗണിച്ചതെന്നു ചെക് പ്രസിഡന്റ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss