|    Sep 25 Tue, 2018 5:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുഴുവന്‍ ദുരിതബാധിത പ്രദേശങ്ങളും പ്രധാനമന്ത്രിക്ക് സന്ദര്‍ശിക്കാനായില്ല

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: കനത്ത മഴമൂലം കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കാനാവാതെ പ്രധാനമന്ത്രി മടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ എട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം എന്നിവര്‍ക്കൊപ്പം പ്രത്യേക വിമാനത്തില്‍ നാവികസേനയുടെ കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയത്.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഐജി വിജയ് സാക്കറെ, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് അടക്കമുള്ളവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന്് ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നീങ്ങിയെങ്കിലും വിമാനത്താവളത്തില്‍ കനത്ത മഴ ആരംഭിക്കുകയും കാലാവസ്ഥ മോശമാവുകയും ചെയ്തു. അല്‍പസമയത്തിനുശേഷം മഴ ശമിച്ചതോടെ വ്യോമനിരീക്ഷണത്തിനായി ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നെങ്കിലും വീണ്ടും കാലാവസ്ഥ മോശമായതോടെ തിരിച്ചിറക്കി. തുടര്‍ന്ന് അവലോകനയോഗത്തിനു ശേഷം കാലാവസ്ഥ അനുകൂലമായാല്‍ വ്യോമനിരീക്ഷണം നടത്താമെന്നു തീരുമാനിച്ച് അവലോകന യോഗത്തിനായി വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയില്‍ നിന്നു നേവല്‍ ബേസില്‍ തന്നെയുള്ള കോണ്‍ഫറന്‍സ് ഹാളിലേക്കു പോയി. യോഗത്തില്‍ മുഖ്യമന്ത്രി കേരളം നേരിടുന്ന രൂക്ഷമായ പ്രളയക്കെടുതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രം നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നന്ദി പ്രകാശിപ്പിച്ചു. എന്നാല്‍, അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും മറ്റും വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്്തു.
വെള്ളപ്പൊക്കത്തിന്റെ ഭാഗമായി ചില ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയതായും ഈ സാഹചര്യത്തില്‍ പ്രത്യേക സഹായം അനുവദിക്കണമെന്നും അല്ലെങ്കില്‍ സംസ്ഥാനത്ത് ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തിലും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. സ്വീകരിക്കേണ്ട നടപടികളുടെ വിശദാംശമടങ്ങിയ നിവേദനവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. നിലവിലെ അവസ്ഥയനുസരിച്ചുള്ള നിവേദനമാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്.
യോഗത്തിനു ശേഷം കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് പത്തോടെ വീണ്ടും പ്രധാനമന്ത്രി മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തിയെങ്കിലും കാലാവസ്ഥ വീണ്ടും മോശമായതിനെ തുടര്‍ന്ന് സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ആലുവ, തൃശൂര്‍ അടക്കം ഏതാനും മേഖലകള്‍ മാത്രം സന്ദര്‍ശിച്ച് തിരികെ നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍ മടങ്ങിയത്തി. പിന്നീട് പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss