|    Jun 24 Sat, 2017 7:21 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മുഴുവന്‍ കെട്ടിടങ്ങളിലും സ്മാര്‍ട്ട് വൈദ്യുത മീറ്റര്‍

Published : 10th November 2016 | Posted By: SMR

ദോഹ: ഖത്തറിലെ മുഴുവന്‍ പുതിയ പദ്ധതികളിലും കെട്ടിടങ്ങളിലും സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുമെന്നും എല്ലാ കെട്ടിടങ്ങളിലെയും പഴയ മീറ്ററുകള്‍ മാറ്റി ഉടന്‍ പുതിയ മീറ്ററുകള്‍ ഘടിപ്പിക്കുമെന്നും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ).  ഘട്ടങ്ങളായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതെന്നും പുതിയ സ്മാര്‍ട്ട് മീറ്റര്‍ റീഡിങ്ങുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കഹ്‌റമയില്‍ എത്തുമെന്നും കഹ്‌റമ പ്രസിഡന്റ് എന്‍ജിനിയര്‍ ഈസ ബിന്‍ ഹിലാല്‍ അല്‍കുവാരി പറഞ്ഞു. വൈദ്യുതി ബില്ലുകള്‍ കൂടുതല്‍ കൃത്യതയോടെ ലഭിക്കാന്‍ ഇത് ഉപകരിക്കും. ഓരോ ഉപഭോക്താക്കള്‍ക്കും തങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയെക്കുറിച്ച് വ്യക്തമായി അറിയാനും സ്മാര്‍ട്ട് മീറ്ററുകള്‍സഹായിക്കും.15,000 ത്തോളം സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചു കഴിഞ്ഞു.  ദോഹയില്‍ നടക്കുന്ന ജിസിസി പവര്‍ 2016 സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് കഹ്‌റമ വൈദ്യുതി ശൃംഖല മേധാവി അബ്ദുല്ല അല്‍ദിയാബ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എല്ലാ പഴയ മീറ്ററുകളും മാറ്റി പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജല, വൈദ്യുതി ഉപഭോഗം കാര്യക്ഷമമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ദേശീയ പദ്ധതിയായ തര്‍ഷീദിന്റെ ഭാഗമായി  2020 ഓടെ 200 മുതല്‍ 500 മെഗാ വാട്ട് വരെ സൗരോര്‍ജം ഖത്തര്‍ ഉല്‍പ്പാദിപ്പിക്കും.  2012ല്‍ തുടക്കമിട്ട തര്‍ഷീദിലൂടെ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ  വൈദ്യുതി ഉപയോഗം  14 ശതമാനവും വെള്ളത്തിന്റെ ഉപയോഗം 15 ശതമാനവും കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം, വെള്ളത്തിന്റെയും വൈദ്യുതിയുടേയും താരിഫ് പുനരവലോകനം, ബോധവല്‍ക്കരണം എന്നിവയിലൂടെയാണ് തര്‍ഷീദ് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഖത്തറിന്റെ ജല ആവശ്യം ഒരോ വര്‍ഷവും 10.6 ശതമാനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ സ്ഥിതി തുടരുകയാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം 535 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് ഖത്തര്‍ ഉപയോഗിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക