|    Jun 19 Tue, 2018 4:17 pm
FLASH NEWS

മുഴപ്പിലങ്ങാട്ട് പള്ളിക്കു നേരെ ആക്രമണം

Published : 30th January 2017 | Posted By: fsq

 

എടക്കാട്: മുഴപ്പിലങ്ങാട് പഞ്ചായത്ത് അഞ്ചാംവാര്‍ഡ് എളവനയിലെ മണ്ടുവ പള്ളിക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വെള്ളിയാഴ്ച ഇശാ നമസ്‌കാരം കഴിഞ്ഞ് പതിവുപോലെ പള്ളി പൂട്ടിയതായിരുന്നു. ഇന്നലെ സുബഹ് ബാങ്കുകൊടുക്കാന്‍ ആള്‍ വന്നപ്പോഴാണ് ആക്രമണം നടന്നതു ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കമ്മിറ്റി ഭാരവാഹികളെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. പള്ളിയുടെ വാതില്‍, അംഗശുദ്ധി വരുത്താനുപയോഗിക്കുന്ന വാട്ടര്‍ പൈപ്പുകള്‍, ടാങ്ക് എന്നിവയും തകര്‍ത്തിട്ടുണ്ട്. മോട്ടോര്‍, ടാങ്ക് ഉള്‍പ്പെടെയുള്ളവ കിണറ്റിലിട്ട നിലയിലാണ്. ടൈല്‍സ്, വാതില്‍പ്പൂട്ട്, കസേര എന്നിവയും നശിപ്പിച്ചു. സംഭവമറിഞ്ഞ് മഹല്ല് നിവാസികള്‍ ഉള്‍പ്പെടെ നിരവധി സ്ഥലത്തെത്തി. രാവിലെ എടക്കാട് പോലിസും കണ്ണൂര്‍ സിഐയും വിരലടയാള വിദഗ്ധരുമെത്തി  തെളിവെടുത്തു. മമ്മാക്കുന്ന് മഹല്ലിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. രണ്ടര ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന സ്ഥലത്ത് ഖബര്‍സ്ഥാനും മഖാമും ഉണ്ട്. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം സംബന്ധിച്ച് നേരത്തെ സ്വകാര്യവ്യക്തി അവകാശവാദമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച കേസില്‍ തലശ്ശേരി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് 2013 ഏപ്രിലില്‍ മഹല്ല് കമ്മിറ്റിക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയുണ്ടായി. അക്രമത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പോലിസില്‍ പരാതി നല്‍കി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സാമൂഹികവിരുദ്ധരുടെ നീക്കമാണ് പള്ളി ആക്രമണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് നിരവധി രാഷ്ട്രീയ-സാമൂഹിക-മതസംഘടനാ നേതാക്കള്‍ പള്ളി സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹിമാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിസിസി സെക്രട്ടറി മുഹമ്മദ് ഫൈസല്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവ്, മണ്ഡലം സെക്രട്ടറി കെ വി ഷംസീര്‍, എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി ബി മൂസക്കുട്ടി, പോപുലര്‍ ഫ്രണ്ട് എടക്കാട് ഡിവിഷന്‍ സെക്രട്ടറി അഫ്‌സര്‍ മാസ്റ്റര്‍, മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹാഫിസ്, വൈസ് പ്രസിഡന്റ് സിന്ധു, ബ്ലോക്ക്് പഞ്ചായത്ത് മെംബര്‍ ഉത്തമന്‍, വാര്‍ഡ് മെംബര്‍ എ സി നസീര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം, എടക്കാട് റേഞ്ച് സെക്രട്ടറി ആബിദ് ദാരിമി, കൂത്തുപറമ്പ് റേഞ്ച് സെക്രട്ടറി നൂറുദ്ദീന്‍ മൗലവി സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss