|    Oct 17 Wed, 2018 7:12 pm
FLASH NEWS

മുളവീട്ടില്‍ പാര്‍ക്കാന്‍ സഞ്ചാരികളുടെ തിരക്ക്

Published : 7th September 2017 | Posted By: fsq

 

കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത് തോണിച്ചാലില്‍ മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച തേജന എന്ന മുളവീട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മുളവീട്ടില്‍ അന്തിയുറങ്ങാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നിര്‍മാണത്തിലെ സാങ്കേതികവിദ്യ പഠിക്കാനും ധാരാളം പേരെത്തുന്നുണ്ട്. പോളിടെക്‌നിക് അധ്യാപകനായ വികാസ് മാധവാണ് 15 സെന്റ് സ്ഥലത്ത് 2014ല്‍ വ്യത്യസ്തമായ ഈ നിര്‍മാണരീതി പരീക്ഷിച്ചത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ പഗോഡ ഡിസൈനോട് താരതമ്യപ്പെടുത്തിയാണ് വീട് നിര്‍മിച്ചിട്ടുള്ളത്. പഴമയുടെ പാരമ്പര്യത്തില്‍ പുതുമ നഷ്ടപ്പെടാതെയാണ് നിര്‍മാണം. കമ്പിക്ക് പകരം മുള ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തു. മുറികളുടെ ഭിത്തികളും മുളയും മണ്ണും ഉപയോഗിച്ച് രണ്ടര ഇഞ്ച് കനത്തിലാണ് പണിതത്. പുറംഭിത്തികള്‍ക്ക് മാത്രം സിമന്റ് പ്ലാസ്റ്റിങ് നടത്തിയിട്ടുണ്ട്. പല കഷണങ്ങളായി നെടുകെ ചീന്തിയെടുത്ത മുള ബോറിക് ആസിഡും ബോക്‌സും ചേര്‍ന്ന ലായനിയില്‍ രണ്ടു ദിവസം മുക്കിയിട്ടാണ് മുളയ്ക്ക് കരുത്ത് കുട്ടുന്നത്. സൗകര്യമുണ്ടെങ്കില്‍ വാക്വം ചേംബറില്‍ ഒരു ദിവസം സൂക്ഷിക്കുന്നതും നല്ലതാണ്. വീടിന്റെ തറ കെട്ടി കഴിഞ്ഞ ശേഷം ബെല്‍റ്റ് വാര്‍ത്തതും മുളകൊണ്ടാണ്. നല്ല തണുപ്പുള്ള എല്ലാ മുറികളിലും ആവശ്യത്തിന് വെളിച്ചവും കടക്കുന്നുണ്ട്. മുകള്‍ നിലയില്‍ ജനലുകള്‍ ഭിത്തിയില്‍ പിടിപ്പിക്കുന്നതിന് പകരം മേല്‍ക്കൂരയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ത്രികോണ ആകൃതിയിലുള്ള പ്ലെയിന്‍ ഗ്ലാസ് ഇതിനായി ഉപയോഗിച്ചിരിക്കുന്നു. വെള്ളം കെട്ടിനില്‍ക്കാതിരിക്കാനായി പ്രത്യേക ആകൃതിയില്‍ നിര്‍മിച്ച മേല്‍ക്കൂര നല്ലൊരു പുറംകാഴ്ചയും സമ്മാനിക്കുന്നു. വാസ്തുവിധി പ്രകാരം നിര്‍മിച്ച വീട്ടില്‍ വൈദ്യുതിക്കായി സോളാര്‍ സംവിധാനമുണ്ട്. കലയെ സ്‌നേഹിക്കുന്ന വികാസ് എല്ലാ മുറികളിലും ഭിത്തികളില്‍ മ്യൂറല്‍ പെയിന്റിങും നടത്തിയിട്ടുണ്ട്. ദ്വാരക സ്വദേശി നിജിലേഷ് ആണ് മ്യൂറല്‍ ചിത്രങ്ങള്‍ വരച്ചത്. എല്ലാ മുറികളിലും എഫ്എം റേഡിയോ സ്പീക്കറും ഘടിപ്പിച്ചിട്ടുണ്ട്. 2200 ചതുരശ്ര അടിമാണ് വീടിന്റെ മൊത്തം വിസ്തീര്‍ണം. മുകളിലത്തെ നിലയിലേക്കുള്ള സ്‌റ്റെയര്‍കേസില്‍ കൈവരിയായി കാറ്റാടിക്കഴയാണ് ഉപയോഗിച്ചിട്ടുള്ളത്. 30 ലക്ഷം രുപയാണ് ആകെ നിര്‍മാണച്ചെലവ്. സ്വന്തം ആവശ്യത്തിനായാണ് വീട് നിര്‍മിച്ചതെങ്കിലും വയനാടിന്റെ ടൂറിസം സാധ്യതയും സഞ്ചാരികളുടെ ആവശ്യകതയും പരിഗണിച്ചാണ് വാടകയ്ക്ക് കൊടുത്തുതുടങ്ങിയത്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വര്‍ഷത്തില്‍ എല്ലാ ദിവസവും തേജനയില്‍ എത്തുന്നത് പുതിയ താമസക്കാരാണന്ന് വികാസ് മാധവ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss