|    Apr 21 Sat, 2018 9:15 pm
FLASH NEWS

മുളയുല്‍പന്ന നിര്‍മാണ കേന്ദ്രം വിപുലീകരിക്കുന്നു

Published : 1st September 2016 | Posted By: SMR

മാനന്തവാടി: വള്ളിയൂര്‍ക്കാവിലെ ബാംബു കോര്‍പറേഷന്റെ മുളയുല്‍പന്ന നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടി.
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ പ്രോല്‍സാഹന പദ്ധതികളുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. അഞ്ചിനു വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വ്യവസായ-വാണിജ്യ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, പ്രമുഖ വാസ്തുശില്‍പി ജി ശങ്കര്‍ സംബന്ധിക്കും.
ബാംബു കോര്‍പറേഷന്‍ 2008ല്‍ വള്ളയൂര്‍ക്കാവില്‍ ആരംഭിച്ച ഫീഡര്‍ യൂനിറ്റ് പ്രവര്‍ത്തനരഹിതമായ നിലയിലാണ്.
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇവിടെ പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. നിര്‍മാണ വസ്തുവായ മുള സംസ്‌കരിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ബോയ്‌ലര്‍ യൂനിറ്റുള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുളകള്‍ പുഴുങ്ങിയെടുത്ത് ഫര്‍ണിച്ചറുകളും മറ്റും നിര്‍മിക്കുന്നതിനുള്ള സൗകര്യമുണ്ടാവും.
പരിസ്ഥിതി ലോല പ്രദേശമായ വയനാടിന്റെ ടൂറിസം രംഗത്ത് പ്രകൃതിക്ക് ഇണങ്ങും വിധമുള്ള നിര്‍മാണങ്ങള്‍ക്കും മറ്റും ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയുന്ന തരത്തിലേക്ക് ഈ യൂനിറ്റിനെ മാറ്റാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. വീടുകള്‍, കോട്ടേജുകള്‍, ബാംബു ഹട്ടുകളടങ്ങുന്ന ഇക്കോ ഹബ്ബുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ യൂനിറ്റിനെ സജ്ജമാക്കും.
ഇത്തരത്തില്‍ മുളയുല്‍പന്ന നിര്‍മാണ-വിതരണ ശൃംഖല വ്യാപിപ്പിക്കുന്നതിനായി കോര്‍പറേഷന്‍ ബാംബു മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളില്‍ സംസ്‌കരിച്ച മുളയുടെ വില്‍പനകേന്ദ്രം തുടങ്ങാനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മരത്തിന് പകരം മുള നിര്‍മാണ വസ്തുവായി എല്ലാ വ്യാവസായിക നിര്‍മാണ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്കും കോര്‍പറേഷന്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. മുളയുല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നല്ലളത്ത് പ്രവര്‍ത്തനമാരംഭിച്ച തറയോട് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനവും വിപുലീകരിക്കും.
നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ മാനന്തവാടി ഫീഡര്‍ യൂനിറ്റിലും ബാംബു തറയോടും പ്ലൈവുഡും മറ്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണകേന്ദ്രമാവും. ജില്ലയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ വീട് നിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന മുള ഒരു വ്യവസായിക അസംസ്‌കൃത വസ്തുവായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss