|    Jan 17 Tue, 2017 10:20 am
FLASH NEWS

മുളയുല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തും: മന്ത്രി ജയരാജന്‍

Published : 6th September 2016 | Posted By: SMR

മാനന്തവാടി: മൂല്യവര്‍ധിത മുളയുല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുമെന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍. മാനന്തവാടിയില്‍ ബാംബു കോര്‍പറേഷന്റെ നവീകരിച്ച ബാംബു ഫീഡര്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെറുകിട പരമ്പരാഗത വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിച്ച് വ്യവസായ മേഖലയില്‍ 50,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവാരമുള്ള മുളയുല്‍പന്ന നിര്‍മാണം ഏറ്റെടുത്ത് ബാംബു കോര്‍പറേഷനില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആധുനിക വീടു നിര്‍മാണത്തില്‍ ടൈലുകളടക്കമുള്ളവ മുളകൊണ്ട് നിര്‍മിക്കാനാവും. 10,000 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് ബാംബു കോര്‍പറേഷന്‍. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കും. ഇതിലൂടെ കോര്‍പറേഷന്റെ ക്രയശക്തി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സാധാരണക്കാരായ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഖാദി, കൈത്തറി യൂനിറ്റുകളിലും വേതന പരിഷ്‌കരണം നടപ്പാക്കും. മാറി വന്ന വനനിയമങ്ങളും കാലാവസ്ഥാ മാറ്റവുമെല്ലാം മുളയുടെ ലഭ്യതക്കുറവിന് കാരണമാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മുള സംസ്‌കരണ യൂനിറ്റ് അതുകൊണ്ടു തന്നെ അനിവാര്യമാണ്. കുറേക്കാലമായി ബാംബു കോര്‍പറേഷന്റെ ഇത്തരം യൂനിറ്റുകള്‍ തുരുമ്പെടുത്ത് കിടക്കുകയായിരുന്നു. ഇതിനെയെല്ലാം പുനരുജ്ജീവിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം.
തൊഴിലാളികള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ മുളയുല്‍പന്ന നിര്‍മാണവും വിപണനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് മാനന്തവാടിയിലെ യൂനിറ്റില്‍ ബാംബു ബോയിലറടക്കം സ്ഥാപിച്ച് നവീകരിക്കുന്നത്.
അടഞ്ഞുകിടക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയില്‍ കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാംബു കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി സുകുമാരന്‍ നായര്‍ റിപോര്‍ട്ട് അവതരപ്പിച്ചു. വാസ്തുശില്‍പി ജി ശങ്കര്‍, കെഎസ്ബിസി അഡീഷനല്‍ സെക്രട്ടറി കെ ജി വിജയകുമാരന്‍ നായര്‍, എസ് മുരളീധരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, ശ്രീലത കേശവന്‍, കെ വി മോഹനന്‍, പി വി സഹദേവന്‍, ആര്‍ കെ അര്‍ജുനന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക