|    Jan 23 Mon, 2017 4:06 pm

മുല്ലപ്പെരിയാറില്‍ അന്താരാഷ്ട്ര ഏജന്‍സി; വ്യക്തതയില്ലാതെ അധികൃതര്‍

Published : 5th August 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധനയ്ക്കായി അന്താരാഷ്ട്ര ഏജന്‍സിയെ നിയോഗിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ അധികൃതര്‍. അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു പാനല്‍ തയ്യാറാക്കണമെന്ന അനൗപചാരിക നിര്‍ദേശം മാത്രമാണ് ജലവകുപ്പ് സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥ ര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ചില നടപടികള്‍ കൈക്കൊണ്ടതൊഴിച്ചാല്‍ വിഷയത്തിന് വേണ്ടത്ര ഗൗരവം നല്‍കാനോ മന്ത്രിസഭാ യോഗത്തി ല്‍ ചര്‍ച്ചചെയ്യാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ പ്രശ്‌നം സംബന്ധിച്ച നിയമപരമായ സങ്കീര്‍ണതകളും ദേശീയ രാഷ്ട്രീയകാലാവസ്ഥകളുമൊക്കെ കേരളത്തിന് അനുകൂലമല്ലെന്നതാണ് ഇതിനു കാരണം. മോദി സര്‍ക്കാരില്‍ ജയലളിതയ്ക്കുള്ള സ്വാധീനം കേരളതാല്‍പര്യത്തിനെതിരാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച രണ്ടു സുപ്രധാന വിധികള്‍ തമിഴ്‌നാടിന് അനുകൂലമായിട്ടുണ്ട്. ബേബി ഡാമിന്റെ സുരക്ഷ ഉറപ്പാക്കിയശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലെത്തിക്കാന്‍ സുപ്രിംകോടതി വിധി തമിഴ്‌നാടിനെ അനുവദിച്ചി ട്ടുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അതൊരു രാഷ്ട്രീയപ്രശ്‌നമാണ്. ആ നിലപാടില്‍നിന്നു പിന്നോട്ടുപോവാന്‍ എന്തായാലും ജയലളിത സര്‍ക്കാരിനാവില്ല.
രണ്ടുവര്‍ഷത്തിനകം ബേബി ഡാമിന്റെ ബലപ്പെടുത്തലടക്കമുള്ളവ പൂര്‍ത്തിയാക്കി ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് സുപ്രിംകോടതിയെയോ ഉന്നതാധികാരസമിതിയെയോ സമീപിക്കുമെന്നാണ് കേരളം കരുതുന്നത്. ആ വേളയില്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നതായിരിക്കും നല്ലതെന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. അതല്ലാതെ കേരളം സ്വന്തം നിലയില്‍ ഒരു വിദേശ ഏജന്‍സിയെ നിയോഗിച്ചാല്‍ അതു ഗുണം ചെയ്യില്ലെന്നാണു വിലയിരുത്തപ്പെടുന്നത്.
2006ലെ തമിഴ്‌നാടിന് അനുകൂലമായ വിധിയെ മറികടക്കാ ന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതില്‍ സംസ്ഥാനത്തോട് സുപ്രിംകോടതിക്ക് അതൃപ്തിയുണ്ടെന്നു പൊതുവില്‍ കരുതുന്നുണ്ട്. മാത്രമല്ല, കേരളത്തോടുള്ള കേന്ദ്ര ജലകമ്മീഷന്റെ സമീപനവും ഒട്ടും പ്രതീക്ഷാദായകമല്ല. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് വിഷയവുമായി  സുപ്രിംകോടതിയുടെയോ ഉന്നതാധികാരസമിതിയുടെയോ പരിഗണനയില്‍ വരുന്ന വേളവരെ കാത്തിരിക്കാനും അന്താരാഷ്ട്ര ഏജന്‍സി നടത്തേണ്ട പഠനങ്ങളും പരിഗണനാവിഷയങ്ങളും സംബന്ധിച്ച് വിശദമായ ഗൃഹപാഠങ്ങള്‍ നടത്താനുമാണ് ശ്രമിക്കുന്നതെന്ന് ഉന്നത ജലവിഭവവകുപ്പു വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക