|    Feb 18 Sun, 2018 8:35 am

മുല്ലപ്പെരിയാര്‍ സമരം; തമിഴ്‌നാട്ടില്‍ മലയാളികളെ ആക്രമിച്ച സംഭവം: പോലിസ് സ്‌റ്റേഷനുകളില്‍ പരിശോധന

Published : 16th January 2017 | Posted By: fsq

 

കുമളി: മുല്ലപ്പെരിയാര്‍ സമരവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മലയാളികളെ ആക്രമിച്ച് വസ്തുവകകള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തില്ലെന്നാരോപിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം അന്വേഷണം നടത്തി. ജസ്റ്റിസ്.സിറിയക് തോമസാണ് ഇന്നലെ തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയത്.2012 ഡിസംബറില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണ് ഇതിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ സമരം നടന്നത്.ദുരന്ത ഭീഷണി നേരിടുന്ന അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ടായിരുന്നു മുല്ലപ്പെരിയാറിന്റെ താഴ്‌വരയിലെ ജനവാസ കേന്ദ്രങ്ങളില്‍ ജനകീയ മുന്നേറ്റമുണ്ടായത്.ഇതേ സമയം പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും കേരളം പിന്തിരിയണമെന്നാവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട്ടില്‍ സമരം നടന്നത്.ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം പിന്നീട് അക്രമസക്തമാവുകയായിരുന്നു.ഈ സമരത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ മലയാളികള്‍ ആക്രമത്തിനിരയായത്.തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കുണ്ടായിരുന്ന കൃഷിയും വസ്തുവവകള്‍ നശിപ്പിക്കുകയും,വാഹനങ്ങളും ചകിരി ഫാക്ടറിയും അഗ്‌നിക്കിരയാക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.മാത്രമല്ല തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ തമിഴ്‌നാട് പോലിസിന് കഴിഞ്ഞിരുന്നില്ല.ഇതേ തുടര്‍ന്ന് വര്‍ഷങ്ങള്‍കൊണ്ട് സമ്പാദിച്ച തങ്ങളുടെ സ്വത്ത് വകകള്‍ ഉപേക്ഷിച്ച് ഇവര്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.ഇത് സംബന്ധിച്ച് നല്‍കിയ പരാതികളില്‍ തമിഴ്‌നാട് പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കാണിച്ച് അക്രമത്തിന് ഇരയായ ആളുകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ. സിറിയക് തോമസ് തമിഴ്‌നാട്ടിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ എത്തിയത്.എന്നാല്‍ ഇരകള്‍ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.ഇതിന്റെ പേരില്‍ വിവിധ സ്‌റ്റേഷനുകളില്‍ പതിനഞ്ചോളം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതികളിലിരിക്കുന്ന കേസുകളില്‍ വിചാരണ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസ്. സിറിയക് തോമസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss