|    Nov 16 Fri, 2018 9:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുല്ലപ്പെരിയാര്‍: ഷട്ടര്‍ ഓപറേറ്റിങ് മാന്വല്‍ ഉടന്‍ സമര്‍പ്പിക്കണം

Published : 5th August 2018 | Posted By: kasim kzm

എ അബ്ദുല്‍സമദ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഓപറേറ്റിങ് മാന്വല്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മേല്‍നോട്ട സമിതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി. വര്‍ഷങ്ങളായി ഇക്കാര്യം കേരളം മേല്‍നോട്ട സമിതിയിലും ഉപസമിതിയിലും ആവശ്യപ്പെട്ടു വരികയായിരുന്നു. ഇന്നലെ കുമളിയിലെ മേല്‍നോട്ടസമിതി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഒരു മാസത്തിനകം ഷട്ടറുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി കേന്ദ്ര ജല കമ്മീഷന് സമര്‍പ്പിക്കുമെന്ന് തമിഴ്‌നാട് യോഗത്തില്‍ ഉറപ്പുനല്‍കി. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായി യോഗ ശേഷം ചെയര്‍മാന്‍ പറഞ്ഞു. ചില വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും ബാക്കി ചില കാര്യങ്ങളിലും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. അനുവദനീയ ജലനിരപ്പ് 142 അടിയാണെങ്കിലും നിലവില്‍ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ സുരക്ഷ സംബന്ധിച്ച് ഒരു ആശങ്കയും വേെണ്ടന്നും അണക്കെട്ട് സുരക്ഷിതമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
രാവിലെ 11മണിയോടെ ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജും തമിഴ്‌നാട് പ്രതിനിധി പ്രഭാകരനും ഉള്‍പ്പെട്ട സംഘം വള്ളക്കടവിലൂടെ ജീപ്പ് മാര്‍ഗം കാനനപാതയിലൂടെയാണ് അണക്കെട്ടില്‍ എത്തിയത്. എന്നാല്‍ ടിങ്കു ബിസ്വാളും സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും തേക്കടി തടാകത്തിലൂടെ ബോട്ട് മാര്‍ഗവും അണക്കെട്ടിലെത്തി. 12 മണിയോടെ ആരംഭിച്ച പരിശോധന അരമണിക്കൂറിനുള്ളില്‍ അവസാനിച്ചു. പ്രധാന അണക്കെട്ടോടൊപ്പം പരിശോധിക്കേണ്ട ഒന്നാണ് സ്പില്‍വേയിലെ ഷട്ടറുകള്‍. എന്നാല്‍ ജലനിരപ്പ് 136 അടിയിലെത്തിയിട്ടും സ്പില്‍വേ പരിശോധിക്കാനോ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താനോ മേല്‍നോട്ടസമിതി തയ്യാറായില്ല. ഇക്കാര്യം ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്താനോ പരിശോധന നടത്താനോ കേരളത്തിന്റെ പ്രതിനിധി ടിങ്കു ബിസ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായതുമില്ല. മാത്രമല്ല പ്രധാന അണക്കെട്ടില്‍ നിന്ന് ജീപ്പിലാണ് സംഘം ഗാലറിയിലേക്ക് പോയത്. പരിശോധന പൂര്‍ത്തിയാക്കിയ സംഘം രണ്ട് മണിയോടെ തിരികെയെത്തി. മൂന്നുമണിക്ക് ആരംഭിച്ച യോഗം ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി.
ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് മേല്‍നോട്ടസമിതി അണക്കെട്ടിലെത്തുന്നത്. ചടങ്ങ് തീര്‍ക്കുന്ന തരത്തിലായിരുന്നു ഇത്തവണ മേല്‍നോട്ടസമിതിയുടെ സന്ദര്‍ശനമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മധുര ചീഫ് എന്‍ജിനീയര്‍ സെല്‍വരാജ്, കാവേരി ട്രൈബ്യൂണല്‍ അംഗം സുബ്രഹ്മണ്യം വി രാജേഷ് ചെയര്‍മാനായ ഉപസമിതി അംഗങ്ങളും പരിശോധനയില്‍ മേല്‍നോട്ടസമിതിയെ അനുഗമിച്ചിരുന്നു. സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ എ ജോഷി, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സാലി പോള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുമായി ടിങ്കു ബിസ്വാള്‍ രാവിലെ തേക്കടി അരണ്യ നിവാസ് ഹോട്ടലില്‍ ചര്‍ച്ചനടത്തിയ ശേഷമാണ് സംഘം മുല്ലപ്പെരിയാറിലേക്ക് പുറപ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി—യില്‍ എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മേല്‍നോട്ടസമിതി പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ 135.9 അടിയില്‍ നിന്ന് 134.40 അടിയായി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്കില്‍ കുറവുണ്ടായിട്ടുണ്ട്. സെക്കന്‍ഡില്‍ 1133.49 ഘനയടി വെള്ളമാണ് ഇന്നലെ വൈകീട്ട് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. സെക്കന്‍ഡില്‍ 2100 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടു പോവുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss