|    Jan 22 Sun, 2017 5:12 am
FLASH NEWS

മുല്ലപ്പെരിയാര്‍: ഷട്ടര്‍ മാന്വല്‍ രണ്ടുമാസത്തിനകം നല്‍കണം

Published : 8th July 2016 | Posted By: SMR

എ അബ്ദുസ്സമദ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച ഷട്ടര്‍ ഓപറേറ്റിങ് മാന്വല്‍ രണ്ടു മാസത്തിനകം കേരളത്തിന് നല്‍കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി തമിഴ്‌നാടിന് നിര്‍ദേശം നല്‍കി. ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം കുമളിയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം.കഴിഞ്ഞ മഴക്കാലത്ത് അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് സമിതിയുടെ യോഗത്തില്‍ ചര്‍ച്ചയായി. ഇതേ തുടര്‍ന്നാണ് ഓപറേറ്റിങ് മാന്വല്‍ നല്‍കാന്‍ തമിഴ്‌നാടിനോട് നിര്‍ദേശിച്ചത്.
അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങള്‍ ആറു മാസത്തിനുള്ളില്‍ മാറ്റിവയ്ക്കാനും മേല്‍നോട്ട സമിതി യോഗത്തില്‍ തീരുമാനിച്ചു. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ആധുനിക സംവിധാനത്തിലുള്ള ഒമ്പത് മഴമാപിനികള്‍ അടുത്തു തന്നെ സ്ഥാപിക്കുമെന്ന് കേരളത്തിന്റെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡിന്റെ ടാറിങ്, വൈദ്യുതി കണക്ഷന്‍, ബേബി ഡാമിലെ അറ്റകുറ്റപ്പണികള്‍ക്കായി മരം മുറിക്കല്‍ എന്നീ ആവശ്യങ്ങള്‍ തമിഴ്‌നാട് ഇത്തവണയും ഉന്നയിച്ചു. ഇവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പരിഗണിക്കും.
സമിതി അംഗങ്ങള്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാന അണക്കെട്ട്, ബേബിഡാം, സ്പില്‍വേ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സംഘം ഗ്യാലറിയില്‍ കയറിയില്ല. ഇതേസമയം കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ ബലക്ഷയം അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പരിശോധിക്കണമെന്ന ആവശ്യത്തോട് സഹകരിക്കണമെന്ന് തമിഴ്‌നാടിന്റെ പ്രതിനിധിയോട് കേരളത്തിന്റെ പ്രതിനിധി വി ജെ കുര്യന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തമിഴ്‌നാട് പ്രതിനിധി അറിയിച്ചതായും വി ജെ കുര്യന്‍ പറഞ്ഞു.
കേന്ദ്ര ജലക്കമ്മീഷനിലെ ഡാം സേഫ്റ്റി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. ബി ആര്‍ കെ പിള്ള, സംസ്ഥാന അഡീഷനല്‍ സെക്രട്ടറി വി ജെ കുര്യന്‍, തമിഴ്‌നാട് പൊതുമരാമത്തു സെക്രട്ടറി എസ് കെ പ്രഭാകരന്‍ എന്നിവരാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ ഇപ്പോഴത്തെ അംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക