|    Jul 17 Tue, 2018 10:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്‌നാട്

Published : 26th September 2017 | Posted By: fsq

 

എ   അബ്ദുല്‍  സമദ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിനു കേരളവുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം. തേക്കടി കനാലിലെ ഷട്ടര്‍ ഉയര്‍ത്തി തമിഴ്‌നാട്ടിലേക്കു വെള്ളം തുറന്നുവിട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 127 അടിയിലെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം വൈദ്യുതോല്‍പാദനം പുനരാരംഭിച്ചെങ്കിലും കൃഷി ആവശ്യത്തിനായി ഔദേ്യാഗികമായി വെള്ളമെടുത്തു തുടങ്ങിയിരുന്നില്ല. കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് ഇന്നലെ മുതല്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചത്. ഇപ്പോള്‍ സെക്കന്‍ഡില്‍ 200 ഘനയടി വീതം വെള്ളമാണ് കൃഷിക്കും കുടിവെള്ളത്തിനുമായി തുറന്നുവിട്ടത്. 14,707 ഏക്കര്‍ നിലത്ത് കൃഷി ചെയ്യാനായി 120 ദിവസത്തേക്കു മാത്രമാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്. ഇതിലൂടെ ലോവര്‍ ക്യാംപ് പവര്‍ സ്‌റ്റേഷനില്‍ നിന്നു 36 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കും. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോവുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ ഏക്കര്‍കണക്കിനു സ്ഥലത്തെ നെല്‍കൃഷി നശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞതോടെ തേക്കടി ജലാശയത്തില്‍ വെള്ളം കുറഞ്ഞതോടെയാണ് തമിഴ്‌നാട് നിയന്ത്രണം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം വരെ കുടിവെള്ളത്തിനുള്ള 100 ഘനയടി വെള്ളം മാത്രമാണ് ഷട്ടറിലൂടെ കൊണ്ടുപോയിരുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ മേല്‍നോട്ടത്തിലാണ്  പന്നീര്‍ സെല്‍വം ഷട്ടര്‍ തുറന്നത്. പ്രധാന അണക്കെട്ടിന്റെ 10, 11 ബ്ലോക്കുകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേലിന്റെ നേതൃത്വത്തിലെത്തിയ സംഘം പുതിയ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതേസമയം ജലനിരപ്പ് 127 അടി പിന്നിട്ടിട്ടും മേല്‍നോട്ട സമിതിയോ ഉപസമിതിയോ അണക്കെട്ട് സന്ദര്‍ശിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. എന്നാല്‍, തമിഴ്‌നാട് സമ്മര്‍ദത്തെ തുടര്‍ന്ന് ഉപസമിതി മാസങ്ങളായി പരിശോധന ഒഴിവാക്കിയിരിക്കുകയാണ്. അതോടൊപ്പം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇടവിട്ട് ശക്തമായി മഴ പെയ്യുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കും. മഴ ശക്തിപ്പെട്ടാല്‍ അണക്കെട്ടിലെ ചോര്‍ച്ചകള്‍ കൂടുതല്‍ ശക്തമാവാന്‍ സാധ്യതയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss