|    Dec 19 Wed, 2018 5:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറയ്ക്കുമെന്ന് കേന്ദ്രം

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു. ഘട്ടംഘട്ടമായി വെള്ളം തുറന്നുവിടാമെന്നാണ് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, വെള്ളം തുറന്നുവിടുമ്പോള്‍ ജനങ്ങളെ ബാധിക്കരുതെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് സമിതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തമിഴ്‌നാട് ബാധ്യസ്ഥമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ജലനിരപ്പ് എത്ര കുറയ്ക്കുമെന്ന കാര്യത്തിലും വെള്ളം എവിടേക്ക് തുറന്നുവിടുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിലവില്‍ കൊണ്ടുപോവാന്‍ സാധിക്കുന്ന പരമാവധി വെള്ളം തങ്ങള്‍ കൊണ്ടുപോകുന്നുണ്ടെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. ഇനിയും കൂടുതല്‍ വെള്ളം തങ്ങളുടെ ഭാഗത്തേക്ക് കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചിരുന്നത്. ഇക്കാര്യങ്ങളിലെല്ലാം സാഹചര്യം പരിശോധിച്ചശേഷം തീരുമാനിക്കും. അണക്കെട്ടിലെ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കുമെന്നാണ് കരുതുന്നത്.
മുല്ലപ്പെരിയാറിന്റെ ദുരന്തനിവാരണത്തിനുള്ള ഉപസമിതി, കേന്ദ്രസര്‍ക്കാര്‍ രൂപവല്‍ക്കരിച്ച നാഷനല്‍ ക്രൈസിസ് മാനേജ്‌മെന്റ് സമിതി, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് സെക്രട്ടറിമാര്‍ എന്നിവരോട് വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം യോഗം ചേര്‍ന്ന് ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്ത് അറിയിക്കാന്‍ വ്യാഴാഴ്ച കോടതി ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിലാണ് ജലനിരപ്പ് കുറയ്ക്കുന്നതിനായി വെള്ളം ഘട്ടംഘട്ടമായി തുറന്നുവിടാനും രണ്ടോ മൂന്നോ അടി കുറയ്ക്കാനും തീരുമാനമായത്.
കേരളം കടുത്ത വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ റസല്‍ ജോയിയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss