|    Dec 11 Tue, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുല്ലപ്പെരിയാര്‍: അന്താരാഷ്ട്ര വിദഗ്ധ ഏജന്‍സികളുടെ പഠനം; വിഘാതമായത് തമിഴ്‌നാടിന്റെ കാര്‍ക്കശ്യം

Published : 25th August 2018 | Posted By: kasim kzm

സി എ സജീവന്‍
തൊടുപുഴ: അന്താരാഷ്ട്ര വിദഗ്ധ സംഘത്തെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്താനുള്ള കേരളത്തിന്റെ നീക്കത്തിനു വിഘാതമായത് തമിഴ്‌നാടിന്റെ കാര്‍ക്കശ്യം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് അധികനാള്‍ കഴിയുംമുമ്പേ മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയില്ലെന്നും ഇക്കാര്യം ഉറപ്പാക്കാന്‍ രാജ്യാന്തര വിദഗ്ധരുള്‍പ്പെട്ട സംഘത്തെ നിയോഗിക്കുന്നത് പരിഗണിക്കുമെന്നും പ്രസ്താവിച്ചിരുന്നു. മുഖ്യമന്ത്രി ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസ്താവന വലിയ കോലാഹലമുണ്ടാക്കി. എന്നിരുന്നാലും അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ അന്ന് നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ സെല്‍ അന്താരാഷ്ട്ര വിദഗ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിനായി ശ്രമം നടത്തി. അതിനായി ഒരു ഫയലും തുറന്നു. മാസങ്ങള്‍ നീണ്ട എഴുത്തുകുത്തുകള്‍ക്കു ശേഷം നാല് ഇന്റര്‍നാഷനല്‍ ഏജന്‍സികളുമായി ഏകദേശ ധാരണയിലെത്തുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
ബലക്ഷയ പരിശോധനയ്ക്ക് അണക്കെട്ടില്‍ പൂര്‍ണ സ്വാതന്ത്ര്യവും സൗകര്യവും നല്‍കണമെന്ന നിബന്ധന ഏജന്‍സികള്‍ മുന്നോട്ടുവച്ചിരുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷ വന്‍ വിവാദമായതിനാല്‍ സ്വതന്ത്രമായ പഠനം അനിവാര്യമാണെന്നായിരുന്നു ഏജന്‍സികളുടെ നിലപാട്. ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇതില്‍ സംഭവിക്കാവുന്ന ചെറിയ പിഴ പോലും തങ്ങളുടെ സല്‍പ്പേരിനു കളങ്കമാവുമെന്നും ഏജന്‍സികള്‍ ഭയന്നു. അണക്കെട്ടിന്റെ ഭിത്തി തുളച്ച് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കല്‍, പഴയ ഡാമിന്റെ അവശിഷ്ടങ്ങളായ സുര്‍ക്കി മിശ്രിതവും ചുണ്ണാമ്പ് കല്ലും ശേഖരിക്കല്‍ തുടങ്ങിയവയെല്ലാം നേരിട്ട് നടത്തിയാല്‍ മാത്രമേ ഡാമിന്റെ യഥാര്‍ഥ സ്ഥിതി ബോധ്യപ്പെടാനാവൂ. തമിഴ്‌നാടോ കേരളമോ ശേഖരിച്ചു തരുന്ന അസംസ്‌കൃത സാധനങ്ങള്‍ ഉപയോഗിച്ചു മാത്രം നടത്തുന്ന പഠനം പൂര്‍ണമാവില്ലെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്റെയും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെയും മുന്നില്‍ ഈ വിഷയമെത്തി. ജല കമ്മീഷനും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.
എന്നാല്‍ സ്വതന്ത്ര പഠനം അനുവദിക്കാന്‍ തമിഴ്‌നാട് തയ്യാറായില്ല. മാത്രമല്ല പഠനവും പരിശോധനയും തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണമെന്ന നിലപാടും അവര്‍ സ്വീകരിച്ചു. അതോടെ കേരളത്തിന്റെ ഈ നിര്‍ദേശം പ്രാവര്‍ത്തികമായില്ല. ഇതിനിടെ മുല്ലപ്പെരിയാര്‍ സെല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇപ്പോഴും മുല്ലപ്പെരിയാര്‍ ഉള്‍പ്പടെയുള്ള അന്തര്‍സംസ്ഥാന നദീജല കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ രൂപീകരിച്ച പ്രത്യേക വിഭാഗത്തില്‍ ഈ ഫയലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss