|    Dec 11 Tue, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജിയോഡാറ്റിക് സര്‍വേ അടുത്ത മാസം

Published : 21st November 2018 | Posted By: kasim kzm

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അടുത്ത മാസം ജിയോഡാറ്റിക് സര്‍വേ നടത്തും. അണക്കെട്ടിന് ഏതെങ്കിലുംതരത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനാണു പരിശോധന. ഭൂചലനവും പ്രളയവും ഉ ള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ മൂലം അണക്കെട്ടിന്റെ സ്വാഭാവിക ഘടനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനു വേണ്ടിയാണു പരിശോധന നടത്തുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് ഇപ്പോള്‍ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടു. ഈ കാലയളവിനുള്ളില്‍ ഏറ്റവും ശക്തമായ പ്രളയമാണു കഴിഞ്ഞ ആഗസ്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നേരിടേണ്ടിവന്നത്. അപ്രതീക്ഷിതമായി എത്തിയ പ്രളയജലംമൂലം അണക്കെട്ടിന് ഏതെങ്കിലും തരത്തിലുള്ള വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനായാണു പരിശോധന. അണക്കെട്ടില്‍ എല്ലാ വര്‍ഷവും ജിയോഡാറ്റിക് സര്‍വേ നടത്തേണ്ടതാണ്. എന്നാല്‍, മുല്ലപ്പെരിയാറില്‍ ഈ സര്‍വേ നടത്തിയിട്ട് കുറേക്കാലമായി. തമിഴ്‌നാടും കേരളവും സംയുക്തമായാവും പരിശോധന നടത്തുക.
ഇതിനിടെ ഇന്നലെ രാവിലെ മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. സ്പില്‍വേ, പ്രധാന ഡാം, ബേബി ഡാം, ഇന്‍സ്‌പെക്ഷന്‍ ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ സംഘം സ്പില്‍വേയിലെ നാല് ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തി.
തുടര്‍ന്ന് വൈകീട്ട് കുമളിയിലെ മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഓഫിസില്‍ ഉപസമിതി യോഗം ചേര്‍ന്നു. ഇത്തവണയും അണക്കെട്ടിലെ ഷട്ടറുകളുടെ ഓപറേറ്റിങ് മാന്വല്‍ കേരളം ആവശ്യപ്പെട്ടെങ്കിലും ഉടന്‍ നല്‍കാമെന്ന മറുപടിയാണ് തമിഴ്‌നാട് യോഗത്തില്‍ അറിയിച്ചത്. മാത്രമല്ല, അണക്കെട്ടിലെ ഇന്‍സ്‌പെക്ഷന്‍ ഗാലറിയിലെ പ്രവര്‍ത്തനരഹിതമായ വിവിധ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്നു തമിഴ്‌നാടിനോട് മേല്‍നോട്ടസമിതി നിര്‍ദേശിച്ചിരുന്നു. ഇവ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായും വൈകാതെ തന്നെ ഇവ അണക്കെട്ടില്‍ സ്ഥാപിക്കുമെന്നും തമിഴ്‌നാട് യോഗത്തില്‍ അറിയിച്ചു. മാത്രമല്ല, പരിശോധനാഗാലറിയില്‍ നിന്നു പുറത്തേക്കൊഴുകുന്ന സീപ്പേജ് വെള്ളത്തിന്റെ അളവു ശേഖരിക്കുന്നതിനുള്ള വിനോച്ച് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും തമിഴ്‌നാട് അറിയിച്ചു.
ഇന്നലത്തെ കണക്കനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് 129.14 അടിയാണ്. അണക്കെട്ടില്‍ നിന്നു മിനിറ്റില്‍ 78.85 ലിറ്റര്‍ സീപ്പേജ് വെള്ളമാണ് പുറത്തേക്കൊഴുകുന്നത്.
തുലാവര്‍ഷം ശക്തിപ്രാപിച്ചാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഡിസംബറിലായിരിക്കും അടുത്ത യോഗമെന്നും പ്രത്യേക സാഹചര്യമുണ്ടായാല്‍ അടിയന്തര യോഗം ചേരാനും തീരുമാ നിച്ചു.
ഉപസമിതി ചെയര്‍മാന്‍ വി എസ് രാജേഷ്, അംഗങ്ങളും കേരളത്തിന്റെ പ്രതിനിധികളുമായ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരിജാഭായി, എന്‍ എസ് പ്രസീദ്, തമിഴ്‌നാട് അംഗങ്ങളായ സുബ്രഹ്മണ്യം, സാം ഇര്‍വിന്‍ യോഗത്തില്‍ പങ്കെ ടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss