|    Aug 18 Sat, 2018 12:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തി

Published : 25th September 2017 | Posted By: fsq

 

കുമളി: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ചകള്‍ ദൃശ്യമായി. പ്രധാന അണക്കെട്ടിലെ 10, 11 ബ്ലോക്കുകള്‍ക്കിടയിലാണ് ചോര്‍ച്ച ദൃശ്യമായത്. ശനിയാഴ്ച ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ജോര്‍ജ് ദാനിയലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പുതിയ ചോര്‍ച്ച കണ്ടെത്തിയത്. പുതുതായി ദൃശ്യമായ ചോര്‍ച്ചയുടെ വിശദാംശങ്ങളടങ്ങുന്ന റിപോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴയാണു മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ചത്. നിലവില്‍ 127.4 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 12 അടിയോളം വെള്ളം അണക്കെട്ടില്‍ കൂടുതലായുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ജലനിരപ്പ് കുറയുമ്പോള്‍ തമിഴ്‌നാട് അറ്റകുറ്റപ്പണികളുടെ പേരില്‍ അണക്കെട്ടിലെ ചോര്‍ച്ചകള്‍ ടാറും മറ്റും ഉപയോഗിച്ച് അടച്ചിരുന്നു. പഴയ ചോര്‍ച്ചകള്‍ താല്‍ക്കാലികമായി അടച്ചതിന്റെ പിന്നാലെയാണു പുതിയ ചോര്‍ച്ച കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ വെയിലാണ് അണക്കെട്ടു മേഖലയില്‍ അനുഭവപ്പെടുന്നത്. വെയിലിന്റെ ശക്തിയില്‍ ടാര്‍ ഉരുകിയതിനാലാവാം പുതിയ ചോര്‍ച്ച ദൃശ്യമായതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോഴും താഴുന്ന സാഹചര്യത്തിലും ഉന്നതാധികാര സമിതി ഡാം സന്ദര്‍ശിക്കണമെന്നിരിക്കെ സമിതി സന്ദര്‍ശനം നടത്തിയിട്ടില്ല. ഉപസമിതി മാസത്തില്‍ നടത്താറുളള സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണു പുതിയ ചോര്‍ച്ച കണ്ടെത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറവായതിനാല്‍ നീരൊഴുക്കു കുറഞ്ഞിരിക്കുകയാണ്. 658 ഘനയടി ജലമാണ് തടാകത്തിലേക്ക് ഒഴുക് എത്തുന്നത്. 1400 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നു. ഇതേസമയം തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നതിനായി ഇന്ന് രാവിലെ മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വം തേക്കടിയില്‍ എത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss