|    Jan 18 Thu, 2018 10:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാപഠനത്തിന് അന്താരാഷ്ട്ര ഏജന്‍സി: ശുപാര്‍ശയില്‍ നടപടി വൈകുന്നു

Published : 7th June 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധനയില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സേവനം ആവശ്യപ്പെടണമെന്ന മുല്ലപ്പെരിയാര്‍ സെല്ലിന്റെ ശുപാര്‍ശ തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന്റെ അനുമതി കാക്കുന്നു. ശുപാര്‍ശ 2016 ജനുവരിയിലാണ് മുല്ലപ്പെരിയാര്‍ സെല്‍ ജലവിഭവ വകുപ്പിനു സമര്‍പ്പിച്ചത്. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധരടങ്ങിയ അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തണം. ഹൈഡ്രോളജിസ്റ്റ്, സീസ്‌മോളജിസ്റ്റ്, ഘടനാശാസ്ത്ര വിദഗ്ധന്‍ (സ്ട്രക്ചറോളജിക്കല്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരുള്‍പ്പെട്ട പാനലായിരിക്കണം സുരക്ഷ വിലയിരുത്തേണ്ടത്. ഇതാണ് സെല്‍ ശുപാര്‍ശയുടെ കാതല്‍.
എന്നാല്‍, കേരളം ആവശ്യപ്പെടുന്ന പല കാര്യങ്ങളിലും മേല്‍നോട്ട സമിതിയും ജലകമ്മീഷനും അനുഭാവപൂര്‍ണമായ സമീപനമല്ല കൊക്കൊണ്ടിരുന്നത്. അതിനാല്‍ ജലവിഭവ വകുപ്പിനു നല്‍കിയ ശുപാര്‍ശയില്‍ നടപടിയുണ്ടായില്ല. സംസ്ഥാനം ഇലക്ഷന്‍ തിരക്കുകളില്‍ പെട്ടതും അതിന് കാരണമായി.
ഈയിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചതോടെയാണ് മുല്ലപ്പെരിയാര്‍ സെല്ലിന്റെ ഈ ശുപാര്‍ശയില്‍ നടപടിയുണ്ടാവുമെന്ന പ്രതീക്ഷ കൈവന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് മന്ത്രിസഭാ തീരുമാനം വേണം. മാത്രമല്ല, അന്താരാഷ്ട്ര വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന 23 ആവശ്യവുമായി സുപ്രിംകോടതിയെയാണോ മേല്‍നോട്ടസമിതിയെയാണോ സമീപിക്കേണ്ടത് എന്നതു സംബന്ധിച്ചും വ്യക്തത കൈവരണം. ഇതിനായി നിയമവിദഗ്ധരുടെ അഭിപ്രായവും തേടേണ്ടതുണ്ട്. ഇക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം വേണം. അതിനു കാക്കുകയാണെന്ന് ഉന്നത ജലവിഭവ വകുപ്പ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ചു മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി നിയോഗിച്ച വിദഗ്ധരുടെ റിപോര്‍ട്ട് കേരളം അംഗീകരിച്ചിട്ടില്ലെന്നു മുല്ലപ്പെരിയാര്‍ സെല്‍ കത്തില്‍ വിശദീകരിക്കുന്നു. ആ പാനലില്‍ കേന്ദ്ര ജല കമ്മീഷനിലെ സി ഡി തട്ടേ ഒഴികെയുള്ളവരാരും സാങ്കേതികജ്ഞാനം ഉള്ളവരായിരുന്നില്ല. ഇക്കാര്യം കേരളം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിനുപോലും അണക്കെട്ട് നിര്‍മാണത്തില്‍ പ്രായോഗിക പരിജ്ഞാനവുമില്ല. വിദഗ്ധസമിതിയുടെ റിപോര്‍ട്ടിന്റെ ന്യൂനതകള്‍ അക്കമിട്ടു നിരത്തി കേരളത്തിനു വേണ്ടി ഹരീഷ് സാല്‍വേ ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ വാദിച്ചെങ്കിലും ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിദഗ്ധരുടെ പാനലിനെക്കൊണ്ട് അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടത് അനിവാര്യമാവുന്നത്.
മുല്ലപ്പെരിയാര്‍ മേഖലയില്‍ 50 സെ.മീ മഴ ഒരു ദിവസം കൊണ്ട് പെയ്യാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപിക്കല്‍ മെറ്റീരിയോളജിയും കേന്ദ്ര ജലകമ്മീഷനും കണ്ടെത്തിയിട്ടുണ്ട്. പീരുമേട് താലൂക്കില്‍ 64 സെ.മീ മഴയ്ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനം നടത്തിയ പഠനമുണ്ട്. തേക്കടി, കൊടൈവല്ലൂര്‍ ഭ്രംശ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുളള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നും പഠനങ്ങളുണ്ട്. ഇവയിലേതെങ്കിലുമൊന്നു സംഭവിച്ചാല്‍ അതിനെ അതിജീവിക്കാന്‍ ഡാമിനു കരുത്തില്ലെന്നും മുല്ലപ്പെരിയാര്‍ സെല്‍ ചൂണ്ടിക്കാട്ടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day