|    Oct 22 Mon, 2018 4:27 am
FLASH NEWS

മുല്ലക്കല്‍ ചിറപ്പ്, കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനം; ഉല്‍സവലഹരിയില്‍ ആലപ്പുഴ നഗരം

Published : 21st December 2015 | Posted By: SMR

ആലപ്പുഴ: മുല്ലക്കല്‍ ചിറപ്പും ജില്ലാ കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനവും ആരംഭിച്ചതോടെ ആലപ്പുഴ നഗരം ഉത്സവ ലഹരിയിലായി.നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് സായാഹ്നങ്ങളില്‍ ആലപ്പുഴ നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിനോദ ഉപാധികളുമായി എത്തിയവരും വഴിവാണിഭക്കാരുമൊക്കെ ചേര്‍ന്ന് നഗരം വ്യത്യസ്ഥ ജനവിഭാഗങ്ങളുടെ സങ്കര ഭൂമിയാക്കി മാറ്റിയിട്ടുണ്ട്.
അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്ഡിവി മൈതാനത്ത് ആരംഭിച്ച ജില്ലാ കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ജില്ലയുടെ ഹരിത വികസനം സംബന്ധിച്ച് ഇന്നലെ സെമിനാര്‍ നടന്നു. മണ്ണ് പരിശോധന വഴി അവിടെ താമസിക്കുന്നവരുടെ ആരോഗ്യനില അറിയാമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാര്‍ഷിക സര്‍വകലാശാലാ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ.കെ ജി പത്മകുമാര്‍ പറഞ്ഞു. നല്ല മണ്ണ് നല്ല വിളകള്‍ ഉണ്ടാക്കും. അതില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവര്‍ ആരോഗ്യവാന്‍മാരുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമു്ര്രദ നിരപ്പില്‍ നിന്ന് താഴെ കൃഷി ചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. ജൈവ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് ഈ പ്രദേശം. ചില കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോവുകയാണ്. പുറക്കാട് പ്രദേശത്ത് സമുദ്രതീരത്ത് പാറയ്ക്ക് പകരം കണ്ടല്‍ക്കാട് നട്ടാല്‍ കടലാക്രമണത്തെ ഒരു പരിധിവരെ തടയാന്‍ കഴിയും. കക്കൂസ് ടാങ്കിന്റെ ഏറ്റവും അവസാനംപുറത്തേക്കൊഴുക്കുന്ന ജലത്തില്‍ നൈട്രജന്റെ അംശം കൂടുതലാണ്. ചില ചെടികള്‍ ഇതിന് സമീപം യോജിച്ചതല്ല. എന്നാല്‍ പപ്പായ പോലുള്ള ചെടികള്‍ നട്ടാല്‍ പ്രശ്‌നം പരിഹരിക്കാം.
30 ശതമാനം കരയും ബാക്കി 70 ശതമാനം വെള്ളക്കെട്ടുമാണ് കുട്ടനാടിന്റെ സവിശേഷത. കരിമീന്‍ പോലുള്ള മല്‍സ്യങ്ങളുടെ കൃഷിക്ക് ഇത് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായും പത്മകുമാര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലാ രജിസ്ട്രാര്‍ പി വി ബാലചന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ആര്‍ ആര്‍ നായര്‍ മോഡറേറ്ററായി. മാരാരി ബീച്ച് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ പി സുബ്രഹ്മണ്യം, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശൂലപാണി സംസാരിച്ചു.ജില്ലാ കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 10.30ന് ‘ജൈവകേരളം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.കെ ജി പത്മകുമാര്‍ ആധ്യക്ഷ്യം വഹിക്കും.
പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ വി ദയാല്‍ മോഡറേറ്ററാകും. ഫാം ജേര്‍ണലിസ്റ്റ് ജിമ്മിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് 7ന് മജീഷ്യ അമ്മുവിന്റെ മാജിക്ക് ഷോ നടത്തും. കാര്‍ഷിക-വ്യാവസായിക പ്രദര്‍ശനത്തില്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍ തുടങ്ങി. സര്‍ക്കാരിന്റെ കാലയളവില്‍ നടന്ന വികസന നേട്ടങ്ങളുടെ പരിച്ഛേദമായി ചിത്രപ്രദര്‍ശനവും ആരംഭിച്ചു. വികസന പാതയിലെ നാഴികക്കല്ലുകളായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സ്റ്റാള്‍ തയ്യാറാക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ വിവിധ പ്രസിദ്ധികരണങ്ങള്‍ സൗജന്യമായി സ്റ്റാളില്‍ ലഭിക്കും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പുസ്തകങ്ങളും വിലക്കുറവില്‍ ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss