|    Jan 22 Sun, 2017 9:16 am

മുലായത്തിന്റെ തട്ടകത്തില്‍ മായാവതി പിടിമുറുക്കുന്നു; അഅ്‌സംഗഡിലെ റാലിക്കെത്തിയത് ആയിരങ്ങള്‍

Published : 29th August 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവിന്റെ തട്ടകമായ അഅ്‌സംഗഡില്‍ മായാവതിയുടെ തേരോട്ടം. ഇന്നലെ മണ്ഡലത്തിലെ ഐടിഐ മൈതാനത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) സംഘടിപ്പിച്ച പൊതുപരിപാടിക്കെത്തിയത് ആയിരങ്ങള്‍.
30 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് അഅ്‌സംഗഡ്. മുസ്‌ലിംകളോടും ദലിതരോടും എസ്പിയും ബിജെപിയും ചെയ്ത ക്രൂരതകള്‍ വിവരിച്ചായിരുന്നു മായാവതിയുടെ പ്രസംഗം. മായാവതി എത്തുംമുമ്പ്തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തടിച്ചുകൂടിയിരുന്നു. മുലായത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ അഅ്‌സംഗഡില്‍ എസ്പിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഗോരക്ഷ, ഹിന്ദുരാഷ്ട്രം തുടങ്ങി വിഷലിപ്തമായ വാക്കുകളാണ് പ്രതിദിനം നാം കേള്‍ക്കുന്നതെന്ന് മായാവതി പറഞ്ഞു. ഭീകരതയുടെ പേരില്‍ മുസ്‌ലിംകളെ ഉന്നംവയ്ക്കുകയാണ് ബിജെപിയും എസ്പിയും.
അധികാരത്തിലെത്തിയ ശേഷം മുസ്‌ലിംകളടക്കമുള്ള എല്ലാ ന്യുനപക്ഷങ്ങളോടും വിവേചനപരമായാണ് ബിജെപി പെരുമാറിയിട്ടുള്ളത്. മുസഫര്‍നഗര്‍, ദാദ്രി, ബുലന്ത്ഷഹര്‍, മഥുര സംഭവങ്ങളെല്ലാം മറന്ന് മാപ്പ് നല്‍കാന്‍ നമുക്ക് സാധിക്കുമോ. ദലിതരോട് പ്രധാനമന്ത്രി അനുകമ്പ കാണിക്കുക മാത്രമല്ല ചെയ്യേണ്ടത്. അവര്‍ക്കെതിരേ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുമ്പിലെത്തിക്കണം. പ്രായമായ ബ്രാഹ്മണ സ്ത്രീയെയാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി മൊത്തം മലീമസമാക്കിയ നേതാവാണിതെന്നും ഷീലാ ദീക്ഷിത്തിനെ പരോക്ഷമായി വിമര്‍ശിച്ച് മായാവതി പറഞ്ഞു.
ആഗ്രയില്‍ ഒരാഴ്ച മുമ്പ് കൂറ്റന്‍ റാലിയോടെയാണ് മായാവതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടത്. രണ്ടാമത്തെ പൊതുപരിപാടിക്ക് അവര്‍ എസ്പിയുടെ ശക്തികേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക