|    Nov 22 Thu, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘മുലയൂട്ടല്‍ ജീവന്റെ ആധാരം’ കേരളത്തില്‍ ആദ്യാമൃതം കാംപയിന്‍

Published : 1st August 2018 | Posted By: kasim kzm

തിരുവനന്തപുരം: ‘മുലയൂട്ടല്‍ ജീവന്റെ ആധാരം’ എന്ന പ്രമേയത്തില്‍ ഈ വര്‍ഷത്തെ ലോക മുലയൂട്ടല്‍ വാരാചരണത്തിന് ഇന്ന് തുടക്കം. മുലയൂട്ടലിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനാണ് ആഗസ്ത് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. ലോകാരോഗ്യസംഘടന, യൂനിസെഫ് തുടങ്ങിയവയുടെ സഹകരണത്തോടെ മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള സഖ്യമാണ് വാരാചരണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുള്‍പ്പെടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നത്. 1991 മുതലാണ് ഈ വാരാചരണം ആരംഭിച്ചത്.
എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ മുലയൂട്ടണം എന്നതുമാത്രമല്ല വാരാചരണത്തിന്റെ ലക്ഷ്യം. മുലയൂട്ടലിന്റെ കാലദൈര്‍ഘ്യം വര്‍ധിപ്പിക്കുക, പ്രസവിച്ച് ഏറ്റവും പെട്ടെന്ന് കുഞ്ഞിന് മഞ്ഞനിറത്തിലുള്ള പാല്‍ (കുഞ്ഞിപ്പാ ല്‍) നല്‍കുക എന്നിവയ്ക്കും ഈ വാരാചരണത്തിലൂടെ പ്രചാരം നല്‍കുകയെന്നതും ലക്ഷ്യമിടുന്നു. ആദ്യ ആറു മാസം കുഞ്ഞിന് മുലപ്പാലല്ലാതെ മറ്റൊന്നും ന ല്‍കരുത്. രണ്ടു വയസ്സുവരെ പാ ല്‍ നല്‍കുന്നത് അഭികാമ്യമാണ്. എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥയുടെ അഭാവം, അമ്മയ്ക്ക് ജോലിക്ക് പോവേണ്ട സാഹചര്യം, പാല്‍പ്പൊടികളുടെ അമിത പ്രചാരം, സമൂഹ മാധ്യമങ്ങള്‍ വഴി മുലയൂട്ടലിനെക്കുറിച്ച് തെറ്റായി പഠിക്കുന്ന അമ്മമാര്‍ ഇവയെല്ലാം മുലയൂട്ടലിനെ നിരുല്‍സാഹപ്പെടുത്തുന്ന ഘടകങ്ങളായി മാറി. മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദം പോലുള്ള അസുഖങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുലപ്പാ ല്‍ കുടിച്ചു വളരുന്ന കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആരോഗ്യമുള്ളവരാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
സാക്ഷരരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ പോലും ജനിച്ച് ആദ്യമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരുടെ എണ്ണം നാഷനല്‍ ഫാമിലി റിപോര്‍ട്ട് അനുസരിച്ച് കേവലം 53 ശതമാനം മാത്രമാണ്. ഇതുപോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ഗര്‍ഭകാലാവസ്ഥയില്‍ മുലയൂട്ടുന്നതിന് ആവശ്യമായ പ്രത്യേക പരിചരണം. ഇതിന് പ്രാധാന്യം നല്‍കുകയും കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അമ്മമാര്‍ നിര്‍ബന്ധമായും മുലയൂട്ടണം എന്ന ലക്ഷ്യത്തോടെയുള്ള ആദ്യാമൃതം കാംപയിനും ഇന്ന് തുടക്കമാവുന്നു. ഇതിന്റെ ഭാഗമായി ഈ ഒരാഴ്ചക്കാലം എല്ലാ ബസ് സ്റ്റാന്റുകളിലും പൊതുസ്ഥലങ്ങളിലും അമ്മമാര്‍ക്ക് മുലയൂട്ടാന്‍ ആവശ്യമായ താല്‍ക്കാലിക മുറി ഒരുക്കണം. വനിത, ശിശുവികസന വകുപ്പ് ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അമ്മമാര്‍ക്കു സ്വസ്ഥമായി മുലയൂട്ടാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss