|    Aug 17 Fri, 2018 7:01 am
Home   >  Editpage  >  Lead Article  >  

മുലയൂട്ടലിന്റെ മനശ്ശാസ്ത്രം സാജിദ് മൂര്‍ക്കനാട്

Published : 1st August 2018 | Posted By: kasim kzm

ഇന്നു ലോക മുലയൂട്ടല്‍ ദിനമാണ്. മുലപ്പാല്‍ ഏതൊരു കുട്ടിയുടെയും അവകാശമാണ്. മുലപ്പാല്‍ കുടിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ ശാരീരികവും മാനസികവുമായി അരോഗദൃഢഗാത്രരായിരിക്കും. രോഗപ്രതിരോധശക്തി നല്‍കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്റെ കലവറയാണു മുലപ്പാല്‍. മാത്രവുമല്ല, പലതരം വൈറ്റമിനുകളും മുലപ്പാലിലുണ്ട്. കൗമാരപ്രായത്തില്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്കു കാരണമായി മനശ്ശാസ്ത്രജ്ഞര്‍ എണ്ണിയ കാര്യങ്ങളില്‍ പ്രധാനമാണ് മാതാവിനും മക്കള്‍ക്കുമിടയിലുള്ള സ്‌നേഹദാരിദ്ര്യം. ഇതിനു മുഖ്യ ഹേതുവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് മുലപ്പാലിന്റെ ലഭ്യതയിലോ കൊടുക്കുന്നതിന്റെ അളവിലോ ഉണ്ടാവുന്ന കുറവാണ്.
അമ്മയുടെ മാറോടു ചേര്‍ന്ന് മുലപ്പാല്‍ വലിച്ചുകുടിക്കുന്നതിലൂടെ അമ്മയുടെ കൈകളില്‍ താന്‍ സുരക്ഷിതനാണെന്ന ബോധവും സംതൃപ്തിയും കുഞ്ഞിനു ലഭിക്കുന്നു. അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വളരെ ഗുണകരമായി മാറുന്നു. മാതാവിന്റെ മനസ്സിലുള്ള പ്രയാസങ്ങള്‍ കുട്ടിയുടെ ജീവിതത്തില്‍ പ്രകടമാവാറുണ്ട്. ആക്രമണ പ്രവണത കാണിക്കുന്നവര്‍, വിഷാദരോഗം വന്നവര്‍ ഇവരെയെല്ലാം കൗണ്‍സലിങ് ചെയ്യുമ്പോള്‍ ചെറുപ്പത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാറുണ്ട്.
ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത് ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ മുലയൂട്ടണമെന്നാണ്. രണ്ടുവയസ്സ് വരെ മുലയൂട്ടല്‍ തുടരണമെന്നാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. പ്രസവിച്ച ശേഷം ആദ്യ അഞ്ചുദിവസം ലഭിക്കുന്ന മുലപ്പാല്‍ കൊളസ്ട്രം കലര്‍ന്നതാണ്. കൊളസ്ട്രത്തില്‍ വലിയ രോഗപ്രതിരോധശേഷിയുള്ള എന്‍സൈമുകള്‍ ഉള്ളതിനാല്‍ തന്നെ കുട്ടിക്ക് അണുബാധയില്‍ നിന്നു രക്ഷനേടാന്‍ സാധിക്കുന്നു. സാധാരണയില്‍ മാതാക്കള്‍ ഈ കൊളസ്ട്രം കലര്‍ന്ന മുലപ്പാല്‍ തെറ്റിദ്ധാരണമൂലം പിഴിഞ്ഞുകളയാറാണു പതിവ്. കൊളസ്ട്രം ലഭിക്കാത്തതുമൂലം കുട്ടികള്‍ക്ക് വയറുവേദന അനുഭവപ്പെടും. പക്ഷേ, ഇതില്‍ പ്രോട്ടീന്‍, ധാതുക്കള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, ജലം എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
കൃത്യമായ രീതിയില്‍ മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടിക്ക് ഹൃദ്രോഗങ്ങള്‍ കുറയുമെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല, മുലയൂട്ടുന്നവര്‍ക്ക് സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം, പ്രമേഹം, അസ്ഥി തേയല്‍, തടിക്കുറവ് എന്നിവ മുലയൂട്ടാത്ത സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും തെളിയിക്കപ്പെട്ടതാണ്. ഗര്‍ഭപാത്രം ചുരുങ്ങാനും പ്രസവാനന്തരം കടുത്ത രക്തസ്രാവം കുറയ്ക്കാനും മുലയൂട്ടല്‍ സഹായകരമാവുന്നു. മാതാവിന്റെ മാനസികാരോഗ്യത്തിനും മുലയൂട്ടല്‍ ഗുണം ചെയ്യും. പരിഷ്‌കാരത്തിന്റെ പേരില്‍ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണത്തില്‍ വളരെ കുറവു വന്നിട്ടുണ്ട്. ചില അമ്മമാര്‍ ആശുപത്രി വിട്ടാല്‍ തന്നെ മുലയൂട്ടല്‍ നിര്‍ത്തുന്നു.
മുലയൂട്ടല്‍ കുറഞ്ഞുവരാനുള്ള പ്രധാന കാരണം പരസ്യങ്ങളാണ്. മാതാക്കള്‍ ശിശുഭക്ഷണത്തെ കുറിച്ചുള്ള അതിശയോക്തി കലര്‍ന്ന പരസ്യങ്ങള്‍ വിശ്വസിച്ച് അത് കുട്ടിയില്‍ പരീക്ഷിക്കുന്നു. രൂപഭംഗി നഷ്ടപ്പെടുമെന്നു ഭയന്ന് മുലയൂട്ടല്‍ ഒഴിവാക്കുന്നവരും ഇല്ലാതില്ല. മുലയൂട്ടലിനെ കുറിച്ച് ഓരോ അമ്മമാര്‍ക്കും ബോധവല്‍ക്കരണം നടത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. ലോകത്ത് 7.7 കോടി നവജാതശിശുക്കളില്‍ പകുതിയോളം പേര്‍ക്കും മുലപ്പാല്‍ നല്‍കുന്നില്ല എന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ലോകാരോഗ്യസംഘടന ആഗസ്തില്‍ മുലയൂട്ടല്‍ ദിനം ആചരിക്കുന്നത്. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടിയുടെ തലച്ചോറിന്റെ വികാസവും ബുദ്ധിശക്തിയും കുപ്പിപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളേക്കാള്‍ കൂടുതലായിരിക്കും.                 ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss