|    Jan 24 Tue, 2017 8:53 pm
FLASH NEWS

മുറേയ്ക്ക് മൂന്നാം ഗ്രാന്റ്സ്ലാം

Published : 11th July 2016 | Posted By: SMR

Andy-Murray-celebrates-winn

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയ്ക്ക് കിരീടം. വാശിയേറിയ ഫൈനലില്‍ കാനഡയുടെ മിലോസ് റവോനിക്കിനെ മുറേ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയമെങ്കിലും റവോനിക്കില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് ലോക രണ്ടാം നമ്പര്‍ താരമായ മുറേയ്ക്ക് നേരിടേണ്ടിവന്നത്. ആദ്യസെറ്റിനെ അപേക്ഷിച്ച രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകള്‍ കൈക്കലാക്കാന്‍ മുറേയ്ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു.
എന്നാല്‍, നിര്‍ണായക ഘട്ടങ്ങളില്‍ തിരിച്ചടിച്ച മുറേ ലോക ഏഴാം നമ്പര്‍ താരമായ റവോനിക്കിന്റെ കന്നി ഗ്രാന്റ് സ്ലാം കിരീടമെന്ന മോഹം അവസാനിപ്പിക്കുകയായിരുന്നു. റവോനിക്കിന്റെ കന്നി ഗ്രാന്റ് സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇത്. സ്‌കോര്‍: 6-4, 7-6, 7-6.
ഇത് രണ്ടാം തവണയാണ് മുറേ വിംബിള്‍ഡണ്‍ ചാംപ്യനാവുന്നത്. നേരത്തെ 2013ലും മുറേ വിംബിള്‍ഡണ്‍ കിരീടം ചൂടിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുറേ അന്ന് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്.
കൂടാതെ 29 കാരനായ താരത്തിന്റെ മൂന്നാം ഗ്രാന്റ്സ്ലാം കിരീട നേട്ടം കൂടിയാണിത്. 2012ലെ യുഎസ് ഓപണിലും മുറേ കിരീടം നേടിയിരുന്നു. 2012ല്‍ ലണ്ടന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതാണ് മുറേയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവല്‍. ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ മുറേയുടെ അഞ്ചാം ഫൈനല്‍ കൂടിയായിരുന്നു ഇത്.
ഈ വര്‍ഷത്തെ എന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റായിരുന്നു ഇത്. ഈ ടൂര്‍ണമെന്റില്‍ കിരീടം നേടാനായതില്‍ താന്‍ അഭിമാനിക്കുന്നു. ഏതാനും ആഴ്ചകളായി ഉജ്ജ്വല പ്രകടനം നടത്തുന്ന റവോനിക്കിനെതിരേ ജയിക്കാനായത് അവിശ്വസനീയമാണ്-മല്‍സരശേഷം മുറേ പറഞ്ഞു.
പ്രയാസകരമായ മല്‍സരമായിരുന്നു മുറേക്കെതിരേയുള്ളത്. ബ്രിട്ടീഷ് താരം മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹം ഈ വിജയത്തിന് അര്‍ഹനാണ്. ഏതാനും ആഴ്ചകളായി എന്റെ കരിയറിലെ മികച്ച ദിവസങ്ങളായിരുന്നു. ഞാന്‍ ഇനിയും തിരിച്ചുവരാന്‍ ശ്രമിക്കും-ഫൈനലിലെ തോല്‍വിക്കു ശേഷം റവോനിക്ക് അഭിപ്രായപ്പെട്ടു.
സെമി ഫൈനലില്‍ 10ാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചാണ് മുറേ രണ്ടാം വിംബിള്‍ഡണ്‍ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍, കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലായിരുന്ന മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിനെ അട്ടിമറിച്ചായിരുന്നു റവോനിക്കിന്റെ ഫൈനല്‍ പ്രവേശനം. അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററെ റവോനിക്ക് വീഴ്ത്തിയത്. സാം ക്യുറേയെ തോല്‍പ്പിച്ചായിരുന്നു റവോനിക്കിന്റെ സെമി മുന്നേറ്റം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക