|    Jul 24 Mon, 2017 2:21 pm
Home   >  Editpage  >  Editorial  >  

മുറിവുണങ്ങാതെ കശ്മീര്‍

Published : 11th July 2016 | Posted By: SMR

കശ്മീരിന്റെ മഞ്ഞുപാളികളില്‍ വീണ്ടും മനുഷ്യരക്തം വീണു പടരുകയാണ്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെ പോലിസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധങ്ങളാണ് കശ്മീരിനെ ഇപ്പോള്‍ കുരുതിക്കളമാക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ തെക്കന്‍ കശ്മീരില്‍ 10 പേരാണു കൊല്ലപ്പെട്ടത്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരില്‍ 25 പേരുടെ നില അതീവ ഗുരുതരവുമാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്യാംപുകള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് പോലിസിന്റെ വിശദീകരണം. 20ല്‍ അധികം പോലിസ് ക്യാംപുകള്‍ ആക്രമിച്ച പ്രക്ഷോഭകര്‍ ആയുധങ്ങള്‍ കടത്തിയതായും നൂറോളം പോലിസുകാര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറയുന്നു.
വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് കശ്മീരി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമായിരുന്നു. വാനിയുടെ ഖബറടക്ക ചടങ്ങുകളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വന്‍ ജനാവലിയാണ് പങ്കെടുത്തത്. സയ്യിദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവര്‍ വീട്ടുതടങ്കലിലാണ്. ജമ്മുകശ്മീര്‍ വിമോചന മുന്നണി നേതാവ് യാസിന്‍ മാലികിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൈന്യത്തിന് അമിതാധികാരങ്ങള്‍ വകവച്ചുനല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ് (അഫ്‌സ്പ) നിലനില്‍ക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് കശ്മീര്‍. കശ്മീരില്‍ ഏഴുലക്ഷത്തോളം സുരക്ഷാസൈനികരുണ്ടെന്നാണ് അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ചില മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. മനുഷ്യരെന്ന നിലയ്ക്കും രാജ്യത്തെ അഭിമാനമുള്ള പൗരന്മാരെന്നനിലയ്ക്കും നാം ഓരോരുത്തരും തങ്ങള്‍ക്കു ലഭിക്കണമെന്നു കരുതുന്ന ജനാധിപത്യാവകാശങ്ങള്‍ രാജ്യത്തിന് അകത്തുതന്നെയുള്ള മറ്റു ചിലര്‍ക്ക് നിഷേധിക്കണമെന്നു വാദിക്കുന്നതില്‍ അധാര്‍മികതയുണ്ട്. കൊലപാതകങ്ങളൊക്കെയും രാജ്യത്തിനു വേണ്ടിയുള്ള ദേശസ്‌നേഹപ്രചോദിതമായ സല്‍കര്‍മങ്ങളാണെന്ന് ഔദ്യോഗികമായി വിശദീകരിക്കപ്പെടുന്നു.
ഭരണകൂട ഭീകരതയുടെ എണ്ണമറ്റ കഥകളാണ് കശ്മീരില്‍നിന്നു കേള്‍ക്കുന്നത്. അകാലത്ത് വിധവകളോ അര്‍ധ വിധവകളോ ആക്കപ്പെട്ട ആയിരക്കണക്കിന് സ്ത്രീകള്‍ കശ്മീരിലുണ്ട്. വെറുമൊരു സംശയത്തിന്റെ പേരില്‍ പോലും ഏതൊരു കശ്മീരിയും തോക്കിനിരയാവാമെന്ന അവസ്ഥ നിലനില്‍ക്കുന്നതായി രാജ്യവാസികള്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടുന്നു. അതു പരിശോധിച്ചുനോക്കാനുള്ള മനുഷ്യത്വപരമായ ബാധ്യത നമുക്കുണ്ട്. കശ്മീരിലെ മണ്ണ് മാത്രമല്ല, അവിടത്തെ മനുഷ്യരും നമ്മുടേതാണെന്ന് നമുക്കു ചിന്തിക്കാനാവണം. ആ ബോധമില്ലാത്ത രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ വംശീയ മുന്‍വിധികള്‍ നിറഞ്ഞ വികല നയങ്ങളും സമീപനങ്ങളുമാണ് കശ്മീരിലെ ജനങ്ങളെ നമ്മില്‍നിന്ന് അകറ്റി അവസാനിക്കാത്ത അസ്വസ്ഥതകളിലേക്ക് വലിച്ചെറിഞ്ഞത്. പിടഞ്ഞുവീഴുന്ന ഓരോ കശ്മീരിയും ഇന്ത്യയുടെ ശത്രുക്കളായിരുന്നുവെന്നു കരുതുന്ന ബിജെപിക്കൊപ്പമായാലും അധികാരം ആസ്വദിച്ചാല്‍ മതി എന്ന് ചിന്തിക്കുന്ന മെഹബൂബ മുഫ്ത്തിയെ പോലുള്ളവര്‍ ഉണ്ടാവുമ്പോള്‍ കശ്മീരികള്‍ക്ക് എന്തിനാണു വേറെ ശത്രുക്കള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക