|    May 25 Fri, 2018 10:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മുര്‍സിക്കെതിരായ ജീവപര്യന്തം ഈജിപ്ഷ്യന്‍ സുപ്രിംകോടതി റദ്ദാക്കി

Published : 23rd November 2016 | Posted By: SMR

കെയ്‌റോ: പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും മറ്റ് 21 പേര്‍ക്കുമെതിരേ ഗൂഢാലോചനാ കേസില്‍ വിധിച്ചിരുന്ന ജീവപര്യന്തം തടവ് പരമോന്നത കോടതി റദ്ദാക്കി. പ്രതിചേര്‍ക്കപ്പെട്ട എല്ലാവരുടെയും കേസുകള്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു.
മുസ്‌ലിം ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത്ത് ശാത്വിര്‍, നേതാക്കളായ മുഹമ്മദ് ബല്‍താജി, അബ്ദുല്‍ ആത്വി എന്നിവര്‍ക്കെതിരേയുള്ള വധശിക്ഷാവിധികളും കോടതി റദ്ദാക്കി. വൈദേശിക ശക്തികളുമായുള്ള ഗൂഢാലോചന എന്ന പേരില്‍ അറിയപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷമാണ് പട്ടാള ഭരണകൂടത്തിന്റെ ചട്ടുകമായി വര്‍ത്തിക്കുന്ന കെയ്‌റോ ക്രിമിനല്‍ കോടതി ഇവരെ ശിക്ഷിച്ചത്. ഫലസ്തീനിലെ ഹമാസ് അടക്കമുള്ള ശക്തികളുമായി ഗൂഢാലോചന നടത്തി രാജ്യസുരക്ഷാ രഹസ്യങ്ങള്‍ കൈമാറി. ആക്രമണങ്ങള്‍ നടത്തുന്നതിന് തീവ്ര സ്വഭാവമുള്ള സംഘടനകളുമായി സഹകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. വാദി നത്വ്‌റൂന്‍ ജയില്‍ ഭേദന കേസില്‍ മുര്‍സിക്കെതിരായ വധശിക്ഷ ദിവസങ്ങള്‍ക്കു മുമ്പ് പരമോന്നത കോടതി റദ്ദാക്കിയിരുന്നു. ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരേയുള്ള മുഴുവന്‍ വിധികളും റദ്ദാക്കിയേക്കുമെന്നതിന്റെ സൂചനാണ് ഈ വിധിയെന്ന് ഈജിപ്തിലെ അല്‍ജസീറ ചാനല്‍ റിപോര്‍ട്ടര്‍ അബ്ദുല്‍ ഫത്താഹ് ഫായിദ് അഭിപ്രായപ്പെട്ടു. ഖൈറാത്ത് ശാത്വിര്‍, അദ്ദേഹത്തിന്റെ മകന്‍, മുന്‍ വാര്‍ത്താവിനിമയ മന്ത്രി സലാഹ് അബ്ദുല്‍ മഖ്‌സൂദ്, ഡോ. സഅദ് കതാത്‌നി തുടങ്ങിയവര്‍ക്കെതിരേയുള്ള വധശിക്ഷകളും റദ്ദാക്കിയേക്കുമെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ പ്രസിഡന്റ് മുര്‍സിക്കെതിരേ വധശിക്ഷാ വിധികളൊന്നും ഇല്ല. പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുമ്പിലുണ്ടായ സംഭവങ്ങളുടെ പേരിലുള്ള 20 വര്‍ഷം തടവ് മാത്രമാണ് അദ്ദേഹത്തിന് മേലുള്ളത്. മുര്‍സിഭരണകാലത്ത് 2012 ഡിസംബറില്‍ അദ്ദേഹത്തിന്റെ അനുയായികളും എതിരാളികളും പ്രസിഡന്റ് കൊട്ടാരത്തിന് മുന്നില്‍ വച്ചുണ്ടായ ഏറ്റുമുട്ടലാണ് കേസിനാസ്പദമായ സംഭവം.
ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുര്‍സി ഭരണകൂടത്തെ പാശ്ചാത്യ, അറബ് ഏകാധിപത്യ ഭരണകൂടങ്ങളുടെ പിന്തുണയോടെ 2013 ജൂലൈ നാലിനാണ് അല്‍സിസിയുടെ നേതൃത്വത്തിലുള്ള പട്ടാളം അട്ടിമറിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss