|    Oct 15 Mon, 2018 9:13 pm
FLASH NEWS
Home   >  Todays Paper  >  page 6  >  

മുരുകന്റെ മരണവും കേരള ക്ലിനിക്കല്‍ ബില്ലും

Published : 17th September 2017 | Posted By: mi.ptk

അവകാശങ്ങള്‍ നിഷേധങ്ങള്‍

രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്
കേരള ക്ലിനിക്കല്‍ നിയന്ത്രണ ബില്ല് നമ്മുടെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കൈയടിയോടുകൂടി പാസാക്കിയെടുക്കുമ്പോള്‍ ഏറെ നിരാശപ്പെടുന്നതും അവര്‍ തന്നെയായിരിക്കും. കാരണം, തങ്ങളുടെ ഒരു രാഷ്ട്രീയ നയം ഇത്ര നിഷ്പ്രയാസം ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ നേടിയെടുത്തിരിക്കുന്നു. നീതീകരിക്കാനാവാത്ത മുരുകന്റെ മരണവും അതിലൂടെ സംസ്ഥാനത്തിനു വേണ്ടി മുഖ്യമന്ത്രി സഭയില്‍ മാപ്പപേക്ഷിക്കുക കൂടി ചെയ്തതിലൂടെ നിഷ്പ്രഭമായത് കോര്‍പറേറ്റുകളുടെ തടസ്സങ്ങളും ‘വികസനവിരോധികളു’ടെ വീര്‍പ്പുമുട്ടലുമാണ്. ആശുപത്രികളില്‍ വെന്റിലേറ്ററിന്റെ അഭാവവും അലംഭാവവും ഒരു മരണത്തിനു കാരണമാക്കി എന്ന് അരക്കിട്ടുറപ്പിക്കുമ്പോള്‍ അതിന്റെ അനിവാര്യതയില്‍ കേരള ക്ലിനിക്കല്‍ ബില്ല് ചര്‍ച്ചയ്ക്കുകൂടി പ്രസക്തിയില്ലാതെ പാസാക്കിയെടുക്കാന്‍ ആ ഒരു മാപ്പുപറച്ചില്‍ തന്നെ ധാരാളമാണ്. കേരളത്തില്‍ ആരോഗ്യരംഗത്തേക്കു കോര്‍പറേറ്റുകള്‍ക്കുള്ള പരവതാനിയായിക്കൂടാ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല്. അതിന്റെ ഗുണങ്ങളെക്കുറിച്ചു മാത്രം വാചാലരാകുന്നവര്‍ വരുംവരായ്കകളെ കുറിച്ചുകൂടി ചര്‍ച്ചയ്ക്കു വിധേയമാക്കണം. മാനവരാശിയുടെ നിലനില്‍പിനു കാലത്തിനനുസരിച്ച മാറ്റവും സാങ്കേതികവിദ്യയും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍, ആ സൗകര്യം മനുഷ്യജീവനെ മരണത്തിന്റെ മുഖം കാട്ടി വില നിശ്ചയിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കു വേണ്ടി മാത്രമാവരുത്. ഒറ്റ ഡോക്ടര്‍ ക്ലിനിക്കുകളും ചെറിയ ആശുപത്രികളും ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ഇന്നും സാധാരണക്കാരന്റെ അത്താണിയാണ്. പുതിയ നിയമത്തിലൂടെ കേരളത്തില്‍ നിന്ന് ഇവയൊക്കെ അപ്രത്യക്ഷമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വലിയ അളവിലുള്ള സന്ദര്‍ശകമുറിയോ അവയ്ക്ക് ആനുപാതികമായ ടോയ്‌ലറ്റുകളോ വാഹന പാര്‍ക്കിങിനു സൗകര്യമോ ഇല്ലാത്ത അനേകം ഏകവൈദ്യ ആതുരാലയങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. വലിയ വലിയ ആശുപത്രികളില്‍ നിന്ന് ഒരു ദിവസം ഇറങ്ങിവരുന്ന ശവങ്ങളുടെ കണക്കോ, മരിച്ചിട്ടും ശീതീകരിച്ച മുറിയില്‍ അന്ത്യവിശ്രമം കൊള്ളേണ്ടിവരുന്ന കരുവാളിച്ച നിസ്സഹായരും, അവയ്ക്കു കണ്ണിമ പൂട്ടാതെ കാവലിരിക്കേണ്ടിവരുന്നവരുടെ കിടപ്പാടം പോലും വിറ്റ കഥകളോ ഇത്തരം ക്ലിനിക്കുകള്‍ക്കു മുന്നില്‍ കേള്‍ക്കേണ്ടിവരാറില്ല. ഇനി ഇടത്തരം ആശുപത്രികളിലാവട്ടെ, നിയമത്തില്‍ അനുശാസിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം അനുബന്ധ തൊഴിലാളികളെയും നിയമിക്കേണ്ടിവരും. അതോടെ സേവനമേഖല എന്ന ധാര്‍മികതയില്‍ നിന്ന് ഉടമസ്ഥന്‍ ഉള്‍വലിയാന്‍ നിര്‍ബന്ധിതനാവും. ഇവിടെയാണ് കോര്‍പറേറ്റുകള്‍ തൊഴില്‍മേഖലയെ കൂടി ചൂഷണത്തിനു വിധേയമാക്കുന്നത്. ഒറ്റമുറി ക്ലിനിക്കുകളോ ചെറിയ ആശുപത്രികളോ നടത്താന്‍ കഴിയാത്ത ഇടത്തരം ഡോക്ടര്‍മാര്‍ തൊഴിലന്വേഷകരാവുകയും കുറഞ്ഞ ശമ്പളത്തില്‍ പണിയാളായി മാറ്റപ്പെടുകയും ചെയ്യുന്നു. കോടികള്‍ കൊടുത്തും ഡോക്ടറാവാന്‍ ക്യൂ നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ അതിനുള്ള വാതിലുകളാണ് വിദ്യാഭ്യാസരംഗത്തുകൂടി വര്‍ഷങ്ങള്‍ക്കു മുമ്പേ മൂലധന ശക്തികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനി അവര്‍ക്കു വേണ്ടത് തൊഴില്‍ ഫാക്ടറികളാണ്. കേരളത്തിലെ സാമാന്യം ഭേദപ്പെട്ട ഒട്ടുമിക്ക ആശുപത്രികളും വില്‍ക്കപ്പെടുകയോ വലവിരിക്കപ്പെടുകയോ ചെയ്തു എന്ന വാസ്തവം ആരോഗ്യരംഗത്തെ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ആഗോളവല്‍ക്കരണത്തിന്റെ സൂത്രവാക്യമായ ‘മരുന്നുകള്‍ വിപണിയില്‍ ആദ്യം എത്തും, രോഗം പിന്നാലെ വരും’ എന്ന രസതന്ത്രം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത്. ആരോഗ്യരംഗത്തെ കേരള മോഡല്‍ വികസനമെന്ന സങ്കല്‍പത്തിന്റെ അവസാന ആണിക്കല്ലാണ് പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പേരില്‍ ഒരു മാപ്പുപറയലിലൂടെ അടിച്ചുകയറ്റിയത്. വാഹനാപകടത്തില്‍പ്പെട്ട ഒരു മനുഷ്യജീവനു മണിക്കൂറുകളോളം ആശുപത്രികളില്‍ അലഞ്ഞുതിരിയേണ്ടിവന്ന ആ ഗതികേടിനോട് വികാരാധീനനായി മാപ്പുചോദിക്കുകയല്ല വേണ്ടത്. മറിച്ച്, ആ ഒരു പൊതുബോധം തങ്ങള്‍ കൈയാളുന്ന മണ്ഡലങ്ങളില്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നു പുനര്‍വിചിന്തനം നടത്തുകയും ഇപ്പോള്‍ കൈയിലുള്ള അധികാരം അതിനു വേണ്ടി കൃത്യമായി ഉപയോഗിക്കുകയുമാണ് വേണ്ടത്. അതീവ ജാഗ്രതയോടും യുക്തിസഹമായും കാര്യങ്ങളെ നേരിടുന്ന മുഖ്യമന്ത്രിയുടെ മാപ്പുപറച്ചില്‍ ഇവിടെയാണ് സംശയിക്കപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss