|    Mar 20 Tue, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണത്തില്‍ ആശുപത്രികള്‍ക്കെതിരായ നടപടി : പോലിസ് നിയമോപദേശം തേടി

Published : 12th August 2017 | Posted By: fsq

 

കൊല്ലം: ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പോലിസ് നിയമോപദേശം തേടി. ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരേ നിയമനടപടി ഇന്നുണ്ടാവുമെന്ന് സൂചനയുണ്ട്. ചികില്‍സ നിഷേധിച്ച പോങ്ങുംമൂട് എസ്‌യുടി റോയല്‍ ഉള്‍പ്പെടെ അഞ്ച് ആശുപത്രികളാണ് പോലിസിന്റെ പ്രതിപ്പട്ടികയിലുള്ളത്. കൊട്ടിയം കിംസ് ആശുപത്രിയില്‍ ചികില്‍സാ നിഷേധമുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. യുവാവിനൊപ്പം പരിക്കേറ്റയാളെ ഇവിടെയാണ് പ്രവേശിപ്പിച്ചിരുന്നത്. ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.  സംഭവം നിയമസഭയില്‍ ചര്‍ച്ചാവിഷയമാവുകയും സംസ്ഥാനത്തിനുവേണ്ടി മുഖ്യമന്ത്രി മാപ്പ് പറയുകയും ചെയ്തതോടെ യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിക്കാണ് പോലിസ് ഒരുങ്ങുന്നത്. ചികില്‍സാ പിഴവിനല്ല കേസെടുത്തിരിക്കുന്നത്. ബോധപൂര്‍വമല്ലാത്ത നരഹത്യ തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാം.  ജില്ലാ ക്രൈംബ്രാഞ്ച് എസിപി എ അശോകനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കൊട്ടിയം സിഐ അജയനാഥാണ് അന്വേഷണസംഘത്തലവന്‍. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ഡിനെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകന്‍ മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായതുമൂലമാണിത്.  അതിനിടെ ആരോഗ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി ഇന്നലെ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലെത്തി വിവരങ്ങള്‍ ആരായുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത, മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരി, തിരുവനന്തപുരം ജനറല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജി ഐ വിപിന്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.അയത്തില്‍ മെഡിട്രീന, മേവറം മെഡിസിറ്റി, മീയണ്ണൂര്‍ അസീസിയ, കൊട്ടിയം കിംസ് എന്നിവിടങ്ങളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിദഗ്ധസംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചു. 48 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. വിദഗ്ധസമിതി അംഗങ്ങള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ കണ്ട് വിവരങ്ങള്‍ ആരാഞ്ഞു. സംഭവ ദിവസം ഈ ആശുപത്രികളിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും രേഖപ്പെടുത്തി. ഇന്ന് വൈകീട്ടോടെ റിപോര്‍ട്ട് സമര്‍പ്പിച്ചേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss