|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണം : മെഡിക്കല്‍ കോളജിന് തെറ്റുപറ്റിയെന്ന് റിപോര്‍ട്ട്; ഉന്നതതല യോഗം ഇന്ന്

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ്.റിപോര്‍ട്ട് വകുപ്പു മന്ത്രി കെ കെ ശൈലജയ്ക്കു കൈമാറി. ഒഴിവുള്ള വെന്റിലേറ്റര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും മുരുകനെ പ്രവേശിപ്പിക്കാതിരുന്നത് ഗുരുതര തെറ്റാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അടിയന്തര ചികില്‍സ നല്‍കേണ്ടതിന് പകരം മുരുകനുമായി വന്ന ആംബുലന്‍സ് ഡ്രൈവറുമായി ആശുപത്രി അധികൃതര്‍ തര്‍ക്കിച്ചു സമയം കളയുകയായിരുന്നുവെന്ന വിമര്‍ശനവും റിപോര്‍ട്ടിലുണ്ട്. ചികില്‍സ കിട്ടാതെ മുരുകന്‍ മരിച്ച സംഭവം വിവാദമായതോടെ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന വാദവുമായി മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയാണ് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത വകുപ്പു മന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ എത്തിക്കുന്ന രോഗികളെ ചികില്‍സിക്കുന്നതില്‍ മറ്റു മെഡിക്കല്‍ കോളജുകളിലും പിഴവുകള്‍ സംഭവിക്കാറുണ്ടെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തര ചികില്‍സ നല്‍കേണ്ടതുമായി ബന്ധപ്പെട്ട് പൊതു മാര്‍ഗരേഖ പുറത്തിറക്കണമെന്ന ശുപാര്‍ശയും നല്‍കിയിട്ടുണ്ട്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇന്നു സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധികൃതരുടെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കുന്നതിനായി മുഴുവന്‍ മെഡിക്കല്‍ കോളജുകളില്‍നിന്നുമുള്ള ഉത്തരവാദപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss