|    Oct 17 Wed, 2018 2:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മുരുകന്റെ മരണം : ഡോക്ടര്‍മാരെ ചോദ്യംചെയ്തു; അറസ്റ്റിന് സാധ്യത

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: ചികില്‍സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരെ പോലിസ് ചോദ്യം ചെയ്തു. സംഭവസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന ലഭിച്ചതോടെ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുണ്ടെന്നു കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത കഴിഞ്ഞദിവസം റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുരുകനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റിനെയും പിജി ഡോക്ടറെയും ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം അന്വേഷണസംഘത്തിന് തൃപ്തികരമായിരുന്നില്ല. മുരുകനെ ഒപി ടിക്കറ്റ് എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് എല്ലാ വിഭാഗത്തിലും അന്വേഷിച്ചില്ല എന്നീ വീഴ്ചകളാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. അത്യാസന്നനിലയില്‍ എത്തിക്കുന്ന രോഗിക്ക് ഡോക്ടര്‍ നല്‍കേണ്ട പ്രാഥമിക പരിഗണനയില്‍ പെടുന്നവയാണിവ.  ജീവന്‍ രക്ഷിക്കേണ്ട വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരും പരസ്പരം തര്‍ക്കിച്ചുതീര്‍ത്തെന്നും ഇത്തരം സംഭവങ്ങള്‍ പതിവായി മാറിയെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.  ആശുപത്രി അധികൃതരുടെ പൊതു സ്വഭാവരീതിയെ വിമര്‍ശിക്കുന്നതാണ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ട്. ആരോഗ്യമന്ത്രി, റിപോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. കര്‍ശനമായ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, പിജി ഡോക്ടര്‍മാരെ ബലിയാടാക്കി അറസ്റ്റ് ചെയ്താല്‍ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്ന് പിജി ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss