|    Jul 17 Tue, 2018 1:28 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മുരുകന്റെ മരണം : കുറ്റവാളികളെ ശിക്ഷിക്കണം

Published : 9th August 2017 | Posted By: fsq

 

സമയത്തു ചികില്‍സ ലഭിക്കാത്തതുമൂലം മുരുകന്‍ എന്ന ബൈക്ക് യാത്രികന്‍ മരണമടയാനിടയായ സംഭവം കേരളീയ മനസ്സാക്ഷിക്കു മുമ്പില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നുനില്‍ക്കുന്നു. ദേശീയപാതയില്‍ ഇത്തിക്കരയില്‍ വച്ച് രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് മുരുകന് പരിക്കു പറ്റുന്നത്. അപകടം നടന്നപ്പോള്‍ നാട്ടുകാര്‍ അയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുന്നു. പരിക്ക് ഗുരുതരമായതിനാലാണ് അയാളെ കൂടുതല്‍ സൗകര്യങ്ങള്‍ അവകാശപ്പെടുന്ന മെഡിസിറ്റി ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. പിന്നെ അയാളെ അടിയന്തരഘട്ടങ്ങളില്‍ ഏറ്റവും മികച്ച ട്രോമാകെയര്‍ സംവിധാനമുണ്ടെന്നു സര്‍ക്കാര്‍ അവകാശപ്പെടുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നു. വെന്റിലേറ്ററില്ല എന്ന തൊടുന്യായം പറഞ്ഞ് പൊതുമേഖലയിലെ ഏറ്റവും മികച്ച ആശുപത്രി അയാളെ പരിശോധിക്കുന്നുപോലുമില്ല. പിന്നീട് അത്യന്താധുനിക സൗകര്യങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കുന്ന കൊല്ലം മെഡിട്രിന ആശുപത്രിയില്‍ മുരുകനെത്തുമ്പോള്‍ ന്യൂറോ സര്‍ജനില്ല എന്ന തടസ്സം അവര്‍ ഉന്നയിക്കുന്നു. ഹതഭാഗ്യനായ ആ മനുഷ്യന്‍ ജില്ലാ ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചാണ് മരണമടയുന്നത്. എട്ടുമണിക്കൂറാണ് അയാള്‍ക്ക് അടിയന്തര ചികില്‍സ നല്‍കാനായി ആംബുലന്‍സ് സഞ്ചരിച്ചത്. ഓരോ ആശുപത്രിക്കും മരണം കാത്തുകിടക്കുന്ന, കൂടെ നില്‍ക്കാന്‍ ആളില്ലാത്ത മുരുകനെ തിരിച്ചയക്കാന്‍ പലതരം ന്യായങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികള്‍ കാശു വാരാന്‍ സൗകര്യമുള്ളപ്പോള്‍ മാത്രമാണ് അടിയന്തര ചികില്‍സകള്‍ക്കു തയ്യാറാവുന്നത് എന്ന് ഏവര്‍ക്കുമറിയാം. മടിശ്ശീലയുടെ കനം നോക്കി അവര്‍ മരിച്ചുകഴിഞ്ഞവരെ പോലും വെന്റിലേറ്ററിലിട്ട് ചികില്‍സിക്കുകയോ ലക്ഷങ്ങള്‍ വാരുന്ന അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കുകയോ ചെയ്യും. ദാരുണമായ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി നടക്കുന്നതല്ല. അതിനു പല കാരണങ്ങളുമുണ്ടാവും. അപകടത്തിന് ഇരയായവര്‍ക്ക് എല്ലാ ആശുപത്രികളും അടിയന്തര സഹായം എത്തിക്കണമെന്നു സുപ്രിംകോടതി ഉത്തരവുണ്ട്. അതിന്റെ ചുവടുപിടിച്ച് കേരള നിയമസഭയും നിയമം പാസാക്കിയതാണ്. എന്നാല്‍ ദയയും കാരുണ്യവും പലപ്പോഴും നഷ്ടപ്പെടുന്നതിനാല്‍ ആശുപത്രി മേധാവികളും ഡോക്ടര്‍മാരും, സമയത്തു ചികില്‍സ നല്‍കിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയുന്നവരെ നിഷ്‌കരുണം ഉപേക്ഷിക്കുന്നു. മുരുകന് ചികില്‍സ നിഷേധിച്ച എല്ലാ ആശുപത്രികളുടെയും പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ട്. തല്‍ക്കാലം ജനരോഷം തണുപ്പിക്കുന്നതിനു മാത്രമാവരുത് ഇത്തരം നടപടികള്‍. പലപ്പോഴും ആശുപത്രി അധികൃതരുടെ പേരില്‍ കേസെടുക്കുമെങ്കിലും മാധ്യമശ്രദ്ധ തിരിയുന്ന മുറയ്ക്ക് അത് തേഞ്ഞുമാഞ്ഞുപോവാറുണ്ട്. ഇത്തരം വിഷയങ്ങളില്‍ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഭരണകൂടം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കാരണം, വെറും അനാസ്ഥയെന്നതില്‍ കവിഞ്ഞ് മനുഷ്യര്‍ മനുഷ്യരോട് ചെയ്യുന്ന കൊടുംക്രൂരതയാണ് ഈ സംഭവത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss