|    Oct 16 Tue, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മുരുകന്റെ മരണം : അറസ്റ്റ് ചെയ്താല്‍ സമരമെന്ന് ഡോക്ടര്‍മാരുടെ സംഘടന

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: ചികില്‍സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ സമരം നടത്തുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളജ് അധ്യാപക സംഘടന (കെജിഎംസിടിഎ)യാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന സര്‍ക്കാരിന് നോട്ടീസും നല്‍കി. ഡോക്ടര്‍മാരെ ബലിയാടാക്കിയാല്‍ ചികില്‍സ നിഷേധിക്കുന്നത് അടക്കമുള്ള ശക്തമായ സമരവുമായി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് ഡോക്ടര്‍മാരുടെ നീക്കം. മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരെ പോലിസ് ചോദ്യം ചെയ്തിരുന്നു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായവരെയാണ് ചോദ്യംചെയ്തത്. ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുമുണ്ട്. സമരഭീഷണിയുമായി പിജി ഡോക്ടര്‍മാര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയും പിന്തുണയുമായി എത്തിയിരിക്കുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില ഡോക്ടര്‍മാര്‍ പഴികേള്‍ക്കുന്നത്. ഡ്യൂട്ടി ഡോക്ടറും പിജി വിദ്യാര്‍ഥിയും ഇക്കാര്യത്തില്‍ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തിയിട്ടില്ലെന്നതിനാല്‍ ഇരുവരോടും കെജിഎംസിടിഎ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാര്‍ക്കെതിരേ എന്തെങ്കിലും നടപടി എടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കും. അങ്ങനെ സംഭവിച്ചാല്‍ എല്ലാ മെഡിക്കല്‍ കോളജുകളിലെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്ക് നീങ്ങും. ഇത് പൊതുജനങ്ങള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും വന്‍ പ്രതിസന്ധിക്ക് കാരണമാവുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കവിത രവിയും ജനറല്‍ സെക്രട്ടറി ഡോ. നിര്‍മല്‍ ഭാസ്‌കറും അറിയിച്ചു. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ട് ഡോക്ടര്‍മാര്‍ക്കെതിരായാല്‍ കമ്മീഷന്‍ അംഗങ്ങളെ ബഹിഷ്‌കരിക്കാനും കെജിഎംസിടിഎ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഡോക്ടര്‍മാര്‍ക്കെതിരേ പരാമര്‍ശമുണ്ടായാല്‍ റിപോര്‍ട്ട് ബഹിഷ്‌കരിക്കും. റിപോര്‍ട്ട് തയ്യാറാക്കുന്ന രീതിയിലും വിയോജിപ്പുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിലെ ക്ലിനിക്കല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി മാത്രമേ അന്വേഷണം നടത്താവൂ. എന്നാല്‍, പലപ്പോഴും പദവി മാത്രം നോക്കിയാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. ഈ രീതിയില്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ വിയോജിപ്പുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുമേധാവികളടക്കം ഉയര്‍ന്ന ഡോക്ടര്‍മാരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും. മുരുകനു ചികില്‍സ ലഭ്യമാക്കുന്നതില്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ആശുപത്രി അധികൃതര്‍ വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടിലുള്ളത്. ചികില്‍സയില്‍ മെഡിക്കല്‍ കോളജിന്റെ വീഴ്ച സ്ഥിരീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട് ഇതുവരെയും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. ഈ റിപോര്‍ട്ടും ചോദ്യം ചെയ്യലിലെ വിവരങ്ങളും പരിശോധിച്ച ശേഷമാകും തുടര്‍നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss