|    Nov 14 Wed, 2018 2:13 pm
FLASH NEWS

മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തിയായി

Published : 23rd March 2018 | Posted By: kasim kzm

കൊടകര: വികലമായ ആസൂത്രണത്തിന്റേയും കെടുകാര്യസ്ഥതയുടേയും പ്രതീകമാണ് മറ്റത്തൂരിലെ മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. ലക്ഷങ്ങള്‍ ചെലവിട്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ പൂര്‍ത്തീകരിച്ച പദ്ധതിയില്‍ നിന്ന് ഒരു തുള്ളിപോലും വെള്ളമെടുക്കാന്‍ നാട്ടുകാര്‍ക്ക് ഇതേ വരെ ഭാഗ്യം സിദ്ധിച്ചിട്ടില്ല.
മറ്റത്തൂര്‍ പഞ്ചായത്തിലെ മുരിക്കുങ്ങല്‍ ഐഎച്ച്ഡിപി കോളനിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് രണ്ടു പതിറ്റാണ്ട് മുമ്പ് ആവിഷ്‌കരിച്ചതാണ് മുരുക്കുങ്ങള്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് രൂപം നല്‍കിയത്. പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിക്ക് 25 ലക്ഷം രൂപയാണ് അന്ന് വകയിരുത്തിയത്. പദ്ധതിക്കാവശ്യമായ മോട്ടോറും പൈപ്പുകളും തുടക്കത്തില്‍ തന്നെ വാങ്ങി.
കോടാലി പാടശേഖരത്തിനു സമീപം വലിയതോടിനോടു ചേര്‍ന്ന് പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തി കുളവും പമ്പുഹൗസും നിര്‍മ്മിച്ചു. എന്നാല്‍ പൈപ്പു ലൈനിന്റെ പണികള്‍ നടത്താനായില്ല. ഇതിനിടെ ഗുണഭോക്തൃസമിതിയുടെ പ്രവര്‍ത്തനവും നിര്‍ജീവമായി. പദ്ധതിക്കായി വാങ്ങിയ പൈപ്പുകള്‍ വര്‍ഷങ്ങളോളം മുരിക്കുങ്ങളിലുള്ള സ്വകാര്യ പറമ്പില്‍ അനാഥമായി കിടന്നു. ഏറെക്കാലം വെയിലും മഴയുമേറ്റ് കിടന്ന പൈപ്പുകള്‍ പിന്നീട് മണ്ണിനടിയിലിട്ട് പണി പൂര്‍ത്തീകരിക്കുകയും മന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തുകയും ചെയ്തു. പമ്പിംഗ് ആരംഭിച്ചപ്പോള്‍ തന്നെ പലയിടത്തും പൈപ്പു പൊളിഞ്ഞുപോയതോടെ പദ്ധതി നോക്കുകുത്തിയായി.
ആരും തിരിഞ്ഞുനോക്കാനില്ലാതെ കോടാലി പാടത്തെ തോട്ടുവക്കില്‍ ഭാര്‍ഗവീനിലയം പോലെ നിലകൊള്ളുകയാണ് പമ്പുഹൗസ്. ഒരു വശത്തുള്ള ഭിത്തിയും കരിങ്കല്‍ത്തറയും ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ഏതു സമയവും തകര്‍ന്നുവീഴാമെന്ന സ്ഥിതിയിലാണ് പമ്പ് ഹൗസ്. ഇതിന്റെ ഒരുവശത്തുള്ള ഷട്ടര്‍ തുരുമ്പിച്ചു നശിച്ചു. മോട്ടോറും തുരുമ്പിച്ചു നശിക്കുകയാണ്. വൈദ്യുതിബില്‍ കുടിശികയായതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ കണക്ഷന്‍ വിഛേദിച്ചു. പല ഘട്ടങ്ങളിലായി നാല്‍പ്പതു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ പദ്ധതി ആര്‍ക്കും പ്രയോജനമില്ലാതെ നോക്കുകുത്തിയായി മാറിയിരിക്കയാണിപ്പോള്‍.
ജനപ്രതിനിധികള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ പദ്ധതി നവീകരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതേയുള്ളുവെന്ന് പ്രദേശവാസിയായ മോഹനന്‍ മറ്റത്തില്‍ പറയുന്നു. രണ്ട് രാഷ്ടീയ കക്ഷികള്‍ തമ്മിലുള്ള ശീതസമരമാണ് മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ശാപമായതെന്നും നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് മുരുക്കുങ്ങല്‍ പ്രദേശവാസികള്‍ അനുഭവിക്കുന്ന ജലക്ഷാമം കണക്കിലെടുത്ത് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss