|    Oct 20 Fri, 2017 9:52 pm
FLASH NEWS

മുരിക്കാട്ടുകുടി സ്‌കൂളിനു സമീപം മൂന്ന് മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് വീണു

Published : 14th July 2017 | Posted By: fsq

 

കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയില്‍ സ്വരാജിന് സമീപം ശക്തമായ മഴയത്തും കാറ്റിലും മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം നിന്നിരുന്ന മൂന്ന് മരങ്ങള്‍ ഇലക്ട്രിക്ക് ലൈനിലേക്ക് വീണ് പോസ്റ്റ് ഉള്‍പെടെ വഴിയിലേക്ക് ഒടിഞ്ഞു വീണു. ഇന്നലെ വൈകുന്നേരം 5.10 ഓടെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ പരിസരത്ത് നിന്നിരുന്ന ബാറ്റില്‍, പൂമരം, കാറ്റാടി തുടങ്ങിയ മരങ്ങളാണ് റോഡിലേക്ക് കടപുഴകി വീണത്. റോഡിനു സമീപത്തുകൂടി കടന്നു പോകുന്ന 11കെ.വി ലൈനിലേക്കാണ് മരങ്ങള്‍ കടപുഴകി വീണത്. ഇതുമൂലം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും റോഡിലേക്ക് പതിച്ചു. മറ്റ് രണ്ട് പോസ്റ്റുകള്‍ ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. ഏറെ തിരക്കുകളുള്ള സംസ്ഥാന പാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു. കട്ടപ്പനയില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ നരിയംപാറവഴിയും, കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വെള്ളിലാംകണ്ടം വഴിയും തിരിച്ചു വിട്ടു. സ്‌കൂള്‍ വിട്ട് മണിക്കൂറുകള്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകടത്തിന് തൊട്ടു മുന്‍പ് കാറും, ബസും തലനാരിഴക്കാണു കടന്നു പോയത്. മുരിക്കാട്ടുകുടി സ്‌കൂള്‍ പരിസരത്ത് അപകട കരമായ നിലയില്‍ നിരവധി മരങ്ങളാണ് ഉള്ളത്. കഴിഞ്ഞ ദിവസം സ്വരാജിന് സമീപം മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക