|    Jun 20 Wed, 2018 1:49 am
Home   >  Editpage  >  Lead Article  >  

മുരടിപ്പില്‍ നിന്നു മോചനം വേണം

Published : 15th January 2016 | Posted By: SMR

പിണറായി വിജയന്‍

രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും അപകടപ്പെടുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളില്‍ മുന്‍ യുപിഎ സര്‍ക്കാരിന്റെ പാത പിന്തുടരുകയാണ്. കോര്‍പറേറ്റുകള്‍ ഭരണം നിയന്ത്രിക്കുന്നു. വര്‍ഗീയതയുടെ അധിനിവേശം സമൂഹത്തിന്റെ നാനാമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. മതനിരപേക്ഷതയും ഫെഡറലിസവും ജനങ്ങളുടെ മൗലികാവകാശങ്ങളും അപകടപ്പെടുകയാണ്. അസഹിഷ്ണുത കൊടികുത്തി വാഴുന്നു.
കേരളത്തിലാകട്ടെ, യുഡിഎഫ് ഗവണ്‍മെന്റ് നാലര വര്‍ഷം പിന്നിടുമ്പോള്‍ ഭരണസ്തംഭനവും അഴിമതിയുടെ അതിപ്രസരവും അരാജകാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള വഴി അടഞ്ഞിരിക്കുന്നു. കേരള വികസന മാതൃക അപ്രസക്തമായ പ്രയോഗമായി ചുരുങ്ങിപ്പോകുന്ന ദുഃഖകരമായ സ്ഥിതിയാണ് നാം കാണുന്നത്. ഇത്തരം ശോചനീയമായ അവസ്ഥ മുറിച്ചുകടന്നാല്‍ മാത്രമേ സംസ്ഥാനത്തിനു പുരോഗതി പ്രാപിക്കാനാവൂ. ആ കടമ തിരിച്ചറിഞ്ഞും ഏറ്റെടുത്തുമാണ് ‘മതനിരപേക്ഷ-അഴിമതിവിമുക്ത-വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഎം കാംപയിന്‍ ആരംഭിക്കുന്നത്.
കാര്‍ഷിക തകര്‍ച്ച കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്നു. മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ രാജ്യത്താകെ 2213 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ആസിയാന്‍ കരാര്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നതോടെ റബര്‍, നാളികേരം എന്നിവയടക്കമുള്ള ഉല്‍പന്നങ്ങളുടെ വില ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. വ്യവസായരംഗത്ത് പൊതുമേഖലയെ തുടച്ചുനീക്കുകയാണ്. 70,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്‍ക്കാനാണ് ഈ വര്‍ഷം മോദി സര്‍ക്കാരിന്റെ ഉന്നം.
സബ്‌സിഡികള്‍ വെട്ടിക്കുറച്ചു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 12,000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന ജനങ്ങള്‍ ഇന്ത്യയിലാണ്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കപ്പെടുന്നില്ല. അങ്കണവാടി-സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണം പോലും അട്ടിമറിക്കപ്പെടുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഏറ്റവും കുറഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യക്കാരന് ഉയര്‍ന്ന വില കൊടുത്താലേ ഇന്ധനം ലഭിക്കുന്നുള്ളൂ. രണ്ടാം യുപിഎ സര്‍ക്കാര്‍ നിലംപൊത്തിയത് അഴിമതിയുടെ പേരിലായിരുന്നുവെങ്കില്‍ പകരം വന്ന ബിജെപി അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു.
ആര്‍എസ്എസ് നേരിട്ട് രാജ്യഭരണം കൈയാളുന്നു. വര്‍ഗീയത കെട്ടഴിച്ചുവിട്ട് ജനങ്ങളെ മതത്തിന്റെ മതില്‍ക്കെട്ടുകളില്‍ തളച്ചിടുകയും വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തുകയും ആര്‍എസ്എസിന്റെ അജണ്ടയാണ്. ഘര്‍വാപസി, ഗോവധ നിരോധനം, ലൗജിഹാദ് തുടങ്ങിയവ ആര്‍എസ്എസ് ആസൂത്രിതമായി തുറന്നുവച്ചതാണ്. മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ദിവസം ബലിദാനിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതുവഴി രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവസാനിപ്പിക്കാനുള്ള വെല്ലുവിളിയാണ് ഉയര്‍ന്നത്.
യുഡിഎഫ് ഗവണ്‍മെന്റ് സാമ്പത്തിക നയങ്ങളില്‍ മോദി സര്‍ക്കാരിനോട് ഐക്യപ്പെടുന്നു. കാര്‍ഷികത്തകര്‍ച്ചയും പൊതുമേഖലാ വ്യവസായങ്ങളുടെ നഷ്ടത്തിലേക്കുള്ള കുതിപ്പും സാമ്പത്തിക പ്രതിസന്ധിയും വികസന മുരടിപ്പും ആ നയവൈകല്യത്തിന്റെ സൃഷ്ടിയാണ്. കാര്‍ഷിക കടാശ്വാസ നിയമം അട്ടിമറിച്ചു. പ്രത്യേക പാക്കേജുകള്‍ തകര്‍ത്തു. യുഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ റബറിനു 250 രൂപ വിലയുണ്ടായിരുന്നു. ഇന്നത് നൂറു രൂപയില്‍ താഴെയാണ്.
മൂന്നു ലക്ഷം ഭൂരഹിത കുടുംബങ്ങളുള്ള കേരളത്തില്‍ പട്ടയവിതരണ നടപടികള്‍ പ്രഖ്യാപനത്തില്‍ മാത്രമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1,59,523 കോടിയാവുമെന്നാണ് ധനവകുപ്പ് വിലയിരുത്തിയത്. 2013-14 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അഞ്ചു കോടിയില്‍ കൂടുതല്‍ ചെലവു പ്രതീക്ഷിക്കുന്ന 40 പദ്ധതികളില്‍ 13 എണ്ണം മാത്രമാണ് പ്രാവര്‍ത്തികമായത്. 2014-15ലെ ബജറ്റില്‍ 217 പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ 20 എണ്ണം മാത്രമാണ് നടപ്പാക്കിയത്. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. മല്‍സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാണ്. അടിസ്ഥാനസൗകര്യ വികസനം അജണ്ടയിലില്ല. ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ രോഗഗ്രസ്ഥമായി. ക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു. അഴിമതിയാണ് തഴച്ചുവളരുന്നത്.
അഴിമതിയുടെയും അഴിമതിക്കാരുടെയും സംരക്ഷകരായി സര്‍ക്കാര്‍ മാറി. വിലക്കയറ്റത്തില്‍ നിന്നു കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ശക്തമായ പൊതുവിതരണ സമ്പ്രദായം നമുക്കുണ്ടായിരുന്നു. അതു നാശോന്മുഖമാണിന്ന്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. വിലക്കയറ്റത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച് പാല്‍, വെള്ളം, യാത്രാനിരക്ക് എന്നിവയ്‌ക്കെല്ലാം വിലവര്‍ധന സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തുന്നു. മാവേലി സ്‌റ്റോറുകളും ത്രിവേണി സ്‌റ്റോറുകളും നോക്കുകുത്തികളായി. ക്രമസമാധാനരംഗത്ത് വന്‍ തകര്‍ച്ചയാണ്. പോലിസിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളില്ല. അഴിമതിയുടെയും അഴിമതിക്കാരുടെയും സംരക്ഷണസേനയായി പോലിസിനെ അധഃപതിപ്പിച്ചു.
ജനജീവിതം ഇങ്ങനെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മറ്റൊരുവശത്ത് വര്‍ഗീയതയുടെ വിപത്ത് ശക്തിപ്പെടുന്നു. കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ അട്ടിമറിക്കാനും ജനങ്ങളെ വര്‍ഗീയമായും ജാതീയമായും ചേരിതിരിക്കാനുമുള്ള ശ്രമങ്ങള്‍ക്കു ഭരണാധികാരികള്‍ ഒത്താശ ചെയ്യുന്നു. ശ്രീനാരായണഗുരു ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ പാരമ്പര്യം തച്ചുടക്കാന്‍ ഗുരുവിന്റെ പേര് ഉപയോഗിക്കുന്ന ഹീനമായ രാഷ്ട്രീയ ഇടപെടലിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ സംഘപരിവാരത്തിന്റെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടുമ്പോള്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം മാത്രമല്ല, മതനിരപേക്ഷതയുടെ അടിത്തറ തന്നെയാണ് ഭീഷണി നേരിടുന്നത്. എസ്എന്‍ഡിപി യോഗനേതൃത്വം സംഘപരിവാരവുമായി ചേര്‍ന്നു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുകയും അതുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനേതൃത്വം ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനു പരിക്കേല്‍പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്.
ചുരുക്കിപ്പറഞ്ഞാല്‍, കേരളീയ ജീവിതവും വികസനവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതര സംസ്ഥാനങ്ങള്‍ ആര്‍ജിച്ച നേട്ടങ്ങള്‍ പലതും നമുക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. ജനസാന്ദ്രത, വികസനത്തിനും കൃഷിക്കുമുള്ള ഭൂമിയുടെ അഭാവം, ഭക്ഷ്യകാര്യത്തിലെ പരാശ്രയത്വം, വിദ്യാസമ്പന്നരുടെ വര്‍ധിച്ച തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വിദേശ പണവരവിനെ ആശ്രയിച്ചുള്ള സമ്പദ്ഘടന തുടങ്ങിയ പരിമിതികള്‍ നമുക്കുണ്ട്. നാം കൈവരിച്ച ക്ഷേമവും മാനവവികസനത്തില്‍ നേടിയെടുത്ത മേല്‍ക്കൈയും നിലനിര്‍ത്തണം. അതിലുപരിയായി കേരളീയര്‍ നേരിടുന്ന ജീവിതശൈലീ രോഗങ്ങളും നാട് നേരിടുന്ന മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
ഇത്തരമൊരു സങ്കീര്‍ണമായ അവസ്ഥ ഭാവികേരളത്തെ ഇരുളടഞ്ഞതാക്കുന്നു. പുരോഗതിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടും ഭാവനാപൂര്‍ണമായ ഇടപെടലും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള ഇച്ഛാശക്തിയും മതനിരപേക്ഷതയില്‍ അടിയുറച്ച രാഷ്ട്രീയവും കൊണ്ടു മാത്രമേ കേരളത്തെ മുന്നോട്ടുനയിക്കാനാവൂ. ഇന്ന് എവിടെ എത്തിനില്‍ക്കുന്നു, വെല്ലുവിളികള്‍ എന്തൊക്കെ, അവ നേരിടാനുള്ള മാര്‍ഗം എന്ത് എന്ന ഗൗരവമായ അന്വേഷണത്തിലൂടെയേ ഭാവികേരളത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ കഴിയൂ. അത്തരമൊരു ശ്രമമാണ് നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്സിലൂടെ സിപിഎം നടത്തിയത്.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഈ ഘട്ടത്തില്‍ നാലര വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കണക്കെടുപ്പ് സമ്പൂര്‍ണ നൈരാശ്യമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ സ്ഥിതി നയിക്കുന്നത് വിനാശത്തിലേക്കാെണന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയത്. പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിനു ശക്തി പകരാനുള്ള ദൗത്യമാണ് ഇന്ന് കേരളീയര്‍ക്കു മുന്നിലുള്ളത്. ഇന്നത്തെ അവസ്ഥ മാറിയേതീരൂ. ഭാവിതലമുറയോട് നീതി ചെയ്‌തേതീരൂ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടായേതീരൂ.

(സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ ലേഖകന്‍ നയിക്കുന്ന നവകേരളയാത്ര ഇന്ന് ആരംഭിക്കുന്നു.) $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss