|    Jan 24 Tue, 2017 8:34 am

മുയല്‍ കര്‍ഷക വായ്പാ പദ്ധതിയില്‍ കോടികളുടെ ക്രമക്കേട്

Published : 13th January 2016 | Posted By: SMR

ആലപ്പുഴ: മുയല്‍ കര്‍ഷകര്‍ക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പുവഴി നടപ്പാക്കിയ വായ്പാ പദ്ധതിയില്‍ കോടികളുടെ തട്ടിപ്പ്. വായ്പയെടുത്ത കര്‍ഷകരില്‍ പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ‘റാബിറ്റ് പ്ലസ്’ എന്ന പേരില്‍ മുയല്‍ കര്‍ഷകര്‍ക്കായി പദ്ധതി നടപ്പാക്കിയത്. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് 1,20000 രൂപ മുയല്‍ വളര്‍ത്തുന്നതിന് ബാങ്ക് ലോണായി അനുവദിച്ചു. കര്‍ഷകര്‍ മുയല്‍ വളര്‍ത്തി പണം തിരിച്ചയ്ക്കണമെന്നതായിരുന്നു പദ്ധതി. കര്‍ഷകരുടെ ഭൂമിയുടെ കരം തീര്‍ത്ത് രസീതിന്മേലാണ് ലോണ്‍ അനുവദിച്ചിരുന്നത്.
റാബിറ്റ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പദ്ധതി നിര്‍വഹണത്തില്‍ പങ്കാളിയായിരുന്നു. കര്‍ഷകര്‍ക്ക് 40,000 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ബാക്കി തുക അസോസിയേഷന്‍ പദ്ധതി ചെലവുകള്‍ക്കായി വകമാറ്റി.
അസോസിയേഷന്‍ കര്‍ഷകര്‍ക്ക് മുയല്‍കുഞ്ഞുങ്ങളെയും കൂടും നല്‍കിയെങ്കിലും ദിവസങ്ങള്‍ക്കകം മുയലുകള്‍ ചത്തു. വിവരം മൃഗസംരക്ഷണ വകുപ്പ് അധികൃതരെ കര്‍ഷകര്‍ ധരിപ്പിച്ചെങ്കിലും ഇവര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. മുയലുകള്‍ ചത്തതോടെ പദ്ധതി ആദ്യഘട്ടത്തില്‍ തന്നെ താളം തെറ്റി. ഇതിനിടയില്‍ റാബിറ്റ് ബ്രീഡേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
ബാങ്കില്‍ നിന്നും ജപ്തിനോട്ടീസ് വന്നതോടെയാണ് ലഭിക്കാത്ത തുകയ്ക്ക് തങ്ങള്‍ കടക്കാരായ വിവരം കര്‍ഷകര്‍ അറിയുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രതിപക്ഷനേതാവിനെ സമീപിക്കുകയും അദ്ദേഹം പരാതി സര്‍ക്കാരിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ വിവരാവകാശ പ്രകാരം കര്‍ഷകര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയപ്പോള്‍ അന്വേഷണ റിപോര്‍ട്ടും തെളിവുകളും സര്‍ക്കാര്‍ തള്ളിയെന്നത് വ്യക്തമായത്.
തട്ടിപ്പ് നടത്തിയ അസോസിയേഷനെയും ഇതിന് കൂട്ടുനിന്ന മൃഗസംരക്ഷണ വകുപ്പ്, ബാങ്ക് അധികൃതരെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കര്‍ഷകരുടെ ആരോപിച്ചു.
നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും തട്ടിപ്പ് നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുമായി സമരപരിപാടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമായി 17ന് രാവിലെ 11ന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ യോഗം ചേരുമെന്ന് മുയല്‍ കര്‍ഷക സംരക്ഷണ വേദി ചെയര്‍മാന്‍ ഇഗ്നേഷ്യസ് കാട്ടൂര്‍, പ്രസിഡന്റ് കണ്ണന്‍ കപ്പക്കട, ലിജോ ജോണ്‍ തകഴി, ഭരതന്‍ പുന്നപ്ര, മേരിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക