|    Apr 20 Fri, 2018 3:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മുഫ്തി: കശ്മീര്‍ രാഷ്ട്രീയത്തിലെ അതികായന്‍

Published : 8th January 2016 | Posted By: SMR

ശ്രീനഗര്‍: അഭിഭാഷകനില്‍നിന്ന് തുടങ്ങി രാജ്യത്തിന്റെ ആദ്യത്തെ മുസ്‌ലിം ആഭ്യന്തര മന്ത്രിവരെയെത്തിയ അതികായനായ മുഫ്തി മുഹമ്മദ് സഈദിന്റെ ജീവിതം സംഭവബഹുലമാണ്. കശ്മീരിലെ അതിശക്തമായ അബ്ദുല്ലമാരുടെ ഏതിര്‍ അധികാര കേന്ദ്രമായിരുന്നു എക്കാലവും മുഫ്തി. ആറു പതിറ്റാണ്ടു നീളുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനം. അടുത്ത ചൊവ്വാഴ്ച അദ്ദേഹത്തിന് 80 വയസ്സ് തികയാനിരിക്കുകയായിരുന്നു.
1936 ജനുവരി 12ന് ബിജ്‌ബെഹ്‌റയിലെ ബാബ മൊഹല്ലയിലായിരുന്നു ജനനം. സാധാരണ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, ശ്രീനഗറിലെ എസ്പി കോളജില്‍ നിന്ന് ബിരുദം, അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദവും അറബി ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം രണ്ടുതവണ അദ്ദേഹം ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി. രണ്ടാമത്തെ തവണ മുഖ്യമന്ത്രിയായത് ബിജെപിയുടെ പിന്തുണയോടെ. ഒരിക്കല്‍ മുഫ്തിയുടെ മൂന്നാമത്തെ മകള്‍ റുബയ്യയെ ജെകെഎല്‍എഫുകാര്‍ തട്ടിക്കൊണ്ടുപോയി. ജയിലില്‍ കഴിയുന്ന തങ്ങളുടെ സംഘടനയിലുള്ളവരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചതിനു ശേഷമാണ് അവര്‍ റുബയ്യയെ വിട്ടയച്ചത്.
1950കളുടെ അവസാനത്തില്‍ ജിഎം സാദിഖിന്റെ ഡമോക്രാറ്റിക് നാഷനല്‍ കോണ്‍ഫറന്‍സിലൂടെയാണ് മുഫ്തി രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ സാദിഖ് പാര്‍ട്ടിയുടെ ജില്ലാ കണ്‍വീനറായി നിയമിച്ചു. 1962ല്‍ ബുജ് ബെഹറ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജമ്മുകശ്മീരിന്റെ ഉപമുഖ്യമന്ത്രിയായി. പിന്നീട് ഡമോക്രാറ്റിക് നാഷനല്‍ കോണ്‍ഫറന്‍സ് വിട്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1972ല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായി. 1977ല്‍ നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിന് നല്‍കി വന്ന പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ ഭരണമായി. ഇതിനു പിന്നില്‍ മുഫ്തിയുടെ കരങ്ങളായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, പിന്നീട് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. ഫാറുഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് വീണ്ടും അധികാരത്തിലേറി. തുടര്‍ന്ന് 1986ലും സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായി. ഇതിലും മുഫ്തിക്ക് പങ്കുണ്ടായിരുന്നു. കശ്മീര്‍ താഴ്‌വര ഏറ്റവും കൂടുതല്‍ അസ്വസ്ഥമായിരുന്ന 1990കളില്‍ വിപി സിങ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായതാണ് മുഫ്തിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം. കുറച്ചുകാലം കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടു നിന്ന ശേഷം മുഫ്തി പിവി നരസിംഹറാവുവിന്റെ കാലത്ത് വീണ്ടും കോണ്‍ഗ്രസ്സിലേക്ക് മടങ്ങി.
1996ല്‍ മകള്‍ മെഹബൂബയും കോണ്‍ഗ്രസ്സിലൂടെ എംഎല്‍എയായി. പിന്നീട് 1999ലാണദ്ദേഹം പിഡിപി രൂപീകരിക്കുന്നത്. 2002 നവംബര്‍ 2നാണ് ജമ്മുകശ്മീരിലെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അവസാനം 2015ല്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപിയെ കൂട്ടുപിടിച്ച് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss