|    Aug 24 Thu, 2017 3:54 pm

മുന്‍ സൈനികര്‍ ഉള്‍പെടെ സ്‌റ്റേഷനകത്ത് പോലിസുമായി അടിപിടി

Published : 2nd December 2016 | Posted By: SMR

കോതമംഗലം: കോതമംഗലം പോലിസ് സ്‌റ്റേഷനകത്ത് മദ്യപാനികളായ മുന്‍ സൈനികര്‍ ഉള്‍പെടെ മൂന്നുപേര്‍ പോലിസുമായി അടിപിടി. രണ്ട് എസ്‌ഐമാരെയും പോലിസുകാരനെയും ആക്രമിച്ച രണ്ട് മുന്‍ സൈനികര്‍ ഉള്‍പടെ മൂന്നംഗ സംഘം അറസ്റ്റില്‍. ഓട്ടോറിക്ഷയിലിരുന്ന് മദ്യപിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മുന്‍ സൈനികരുള്‍പെടെയുള്ള മൂന്നംഗസംഘം പോലിസ് നടപടിയില്‍ പ്രകോപിതരായി പോലിസ് സ്റ്റേഷനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എസ്‌ഐമാരെയും പോലിസുകാരനെയും ആക്രമിക്കുകയായിരുന്നു. ഡ്യൂട്ടിക്കിടയില്‍ അസഭ്യവര്‍ഷവുമായി തന്നെയും സഹപ്രവര്‍ത്തനായ എസ്‌ഐയെയും പോലിസുകാരനെയും ആക്രമിച്ച മൂന്നംഗ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുകയായിരുന്നെന്നാണ് എസ്എച്ച്ഒ ലൈജുമോന്‍ നല്‍കുന്ന വിവരം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മുന്‍ സൈനികരായ പോത്താനിക്കാട് സജി മാത്യൂ (40), ഉദയത്ത് മോളേല്‍ നൈജു(42), തൊടുപുഴ കലയന്താനി കോട്ടൂര്‍ വീട്ടില്‍ സെയിന്റി മാത്യൂ(32) എന്നിവരാണ് അറസ്റ്റിലായത്. പകുതി കാലിയായ നിലയില്‍ മദ്യക്കുപ്പിയും ഓട്ടോയില്‍നിന്നും കണ്ടെടുത്തതായി പോലിസ് അറിയിച്ചു. ആക്രമണത്തില്‍ സ്‌റ്റേഷന്റെ ചുമതലയുള്ള എസ്‌ഐ ലൈജുമോന്റെ യൂനിഫോം കീറി. മുഖത്ത് മുറിവും ഉണ്ടായിട്ടുണ്ട്. എസ്‌ഐ ജോസിനും സിപിഒ സലീമിനും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മൂവരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികല്‍സതേടി. അറസ്റ്റുചെയ്തവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക