|    Jan 23 Mon, 2017 3:56 am
FLASH NEWS

മുന്‍ സര്‍ക്കാരുകളുടെ കാര്യക്ഷമത ചോദ്യം ചെയ്ത് ഡിഎംഡികെ

Published : 22nd March 2016 | Posted By: SMR

ചെന്നൈ: ജയലളിത സര്‍ക്കാരിന്റെയും കരുണാനിധിയുടെ ഡിഎംകെയുടെയും ‘കാര്യക്ഷമത’ വിവരിച്ച് നവസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രസകരമായ സംഭവ കഥകള്‍ . ഇക്കാര്യങ്ങള്‍ വിവരിച്ചാണ് ഡിഎംകെക്കും അണ്ണാഡിഎംകെക്കുമെതിരേ തനിച്ച് മല്‍സിരിക്കുന്ന വിജയകാന്തിന്റെ ഡിഎംഡികെയുടെ പ്രചാരണം.
അവ ഇങ്ങിനെയൊക്കെ. ദിണ്ഡിഗല്‍ ജില്ലയിലെ നിലാക്കോട്ടയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക കഴിഞ്ഞ നവംബറിലാണു മരിച്ചത്. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു കത്ത് അവരുടെ വീട്ടിലെത്തി.
മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് സൂപ്പര്‍വൈസര്‍മാരെ തിരഞ്ഞെടുത്തതില്‍ അധ്യാപികയുമുണ്ടെന്നും പട്ടിവീരന്‍പാട്ടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇവര്‍ക്ക് ഡ്യൂട്ടിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. സ്‌കൂളിലേക്കു നിയമിച്ച ഒമ്പത് സൂപ്പര്‍വൈസര്‍മാരില്‍ ഒരാള്‍ ഡ്യൂട്ടിക്കെത്തുന്നില്ലെന്നു പരാതിപ്പെട്ട് ഈ മാസമാദ്യത്തില്‍ പട്ടിവീരന്‍പാട്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ വകുപ്പിനു കത്തെഴുതി. ഉദ്യോഗസ്ഥര്‍ അധ്യാപികയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തു ശകാരിക്കുകയും ഉടന്‍ ഡ്യൂട്ടിക്ക് എത്തണമെന്ന് ‘ഉത്തരവിടുകയും’ ചെയ്തു. ഫോണെടുത്തയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ക്ഷമചോദിച്ചു രക്ഷപ്പെട്ടു.
നാലു ദിവസത്തിനു ശേഷം മറ്റൊരു ഫോണ്‍ കോള്‍ വന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില കടലാസ് ജോലികളുണ്ടെന്നും അടുത്ത ദിവസംതന്നെ എത്തണമെന്നുമായിരുന്നു ആവശ്യം. അധ്യാപികയുടെ ബന്ധുക്കള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഉത്തരവു റദ്ദാക്കിയ ഉദ്യോഗസ്ഥര്‍ അധ്യാപികയുടെ മരണം സര്‍വീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും കംപ്യൂട്ടറില്‍ നിന്നു പേരു നീക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും പറഞ്ഞൊഴിഞ്ഞു.
അടുത്തിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനിക്ക് ഡിഎംകെ മൂന്നു നിവേദനങ്ങള്‍ സമര്‍പ്പിച്ചു. മെയ് 16ലെ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ അണ്ണാഡിഎംകെ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഐഎഎസ് ഓഫിസര്‍മാരെയും 44 ഉന്നത പോലിസ് ഓഫിസര്‍മാരെയും നിയമിച്ചിട്ടുണ്ടെന്നായിരുന്നു വിഷയം. ഡിഎംകെ സെക്രട്ടറി ആര്‍ എസ് ഭാരതി ഒപ്പുവച്ച നിവേദനത്തില്‍ 34 പോലിസ് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയുന്നുണ്ട്. സെലയൂര്‍ എസിപി കെ കെ മുരുകേശനും ഇതില്‍പ്പെടുന്നു. ഡിഎംകെ നിവേദനം സമര്‍പ്പിക്കുന്നതിന് പത്തുദിവസം മുമ്പ് ഹൃദയാഘാതം വന്നു മരിച്ച വ്യക്തിയാണ് മുരുകേശന്‍.
നിങ്ങളവര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കി, എന്നാല്‍ ഉണ്ടായത് അഴിമതി സര്‍ക്കാരുകള്‍ മാത്രം. ഇത്തവണ വോട്ട് ഡിഎംഡികെക്കായിരിക്കട്ടെയെന്നാണ് വിജയകാന്തിന്റെ മുദ്രാവാക്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക