|    Aug 16 Thu, 2018 11:26 pm
Home   >  Todays Paper  >  Page 4  >  

മുന്‍ വ്യവസായ മന്ത്രിയുടെ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം നല്‍കി വഞ്ചിച്ചതായി പരാതി

Published : 17th August 2016 | Posted By: SMR

ആലത്തൂര്‍: ഒറ്റപ്പാലത്തെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ മുന്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, രാജ്യസഭാ എംപി പി വി അബ്ദുല്‍ വഹാബ് എന്നിവരുടെ സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം നല്‍കി 60 ഓളം പേരെ വഞ്ചിച്ചതായി പരാതി. പാലക്കാട്, മലപ്പുറം ജില്ലകളിലെ നിരവധി യുവാക്കളാണു വഞ്ചിക്കപ്പെട്ടത്. ലീഗിന്റെ തൊഴിലാളിവിഭാഗം ജില്ലാ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തിയ പാലക്കാട് കല്‍മണ്ഡപം കുന്നത്തൂര്‍മേട് അബ്ദുല്‍ അസീസ് എന്ന വ്യക്തിയാണു തട്ടിപ്പ് നടത്തിയതെന്നു പരാതിയില്‍ പറയുന്നു.
രണ്ടു മാസം മുമ്പാണു സംഭവം. ജോലി ലഭിക്കാനായി കിന്‍ഫ്ര മാനേജര്‍ക്ക് നല്‍കാനെന്ന വ്യാജേന 5000 രൂപയും പാര്‍ക്കിലേക്ക് പ്രവേശിക്കുന്നതിനുള്ള യൂനിഫോം ചാര്‍ജിനത്തില്‍ 2,625 രൂപയും യുവാക്കളുടെ അടുത്തുനിന്ന് കൈപ്പറ്റിയിട്ടുണ്ട്. ഈയിനത്തില്‍ ലക്ഷങ്ങളാണ് അബ്ദുല്‍ അസീസ് പറ്റിച്ചിരിക്കുന്നത്. എസ്ടിയുവിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇങ്ങനെയൊരു ആളില്ലെന്ന് ജില്ലാ ലീഗ് നേതൃത്വം വ്യക്തമാക്കി. ഈ വ്യക്തി മുമ്പ് മലപ്പുറത്ത് സമാനമായ രീതിയില്‍ രണ്ടര ലക്ഷം രൂപ നേത്തെ തട്ടിപ്പു നടത്തിയിരുന്നതായി പ്രാദേശിക ലീഗ് നേതാക്കള്‍ പറഞ്ഞു.
പാലക്കാട് ഡിവൈഎസ്പി, ടൗണ്‍ സൗത്ത് സിഐ എന്നിവര്‍ക്കു പരാതിനല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. ഒറ്റപ്പാലം കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വ്യവസായികള്‍ക്കു ഭൂമി അനുവദിച്ചു നല്‍കിയിട്ടില്ലെന്നു മാനേജര്‍ എ എസ് അനീഷ് പറഞ്ഞു. കിന്‍ഫ്ര നിര്‍മിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയില്‍ ഒരു ടെക്‌സ്‌റ്റൈല്‍ സ്റ്റിച്ചിങ് യൂനിറ്റ് മാത്രമാണു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമേ ജോലി അനുവദിച്ചിട്ടുള്ളൂ. ജോലി കിട്ടിയ സ്ത്രീകളുടെ ട്രെയിനിങ് മാത്രമേ ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളൂവെന്നും മാനേജര്‍ അറിയിച്ചു. പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിക്ക് റസീറ്റ് പോലും നല്‍കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ലെന്നു പരാതിക്കാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss