|    Jul 27 Thu, 2017 4:08 am
FLASH NEWS
Home   >  Editpage  >  Second edit  >  

മുന്‍ധാരണകള്‍

Published : 3rd August 2016 | Posted By: SMR

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ, വേലിചാടിപ്പയ്യിന്റെ മോള്‍ മതില്‍ ചാടും എന്നിങ്ങനെയുള്ള നിരവധി പഴഞ്ചൊല്ലുകളുണ്ട് ഭാഷയില്‍. വ്യക്തികളെ, സമൂഹങ്ങളെ, സംഭവങ്ങളെ, ചരിത്രത്തെപ്പോലും മുന്‍ധാരണയോടെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്ന വിശ്വാസങ്ങള്‍.
യാദൃച്ഛികമായി ഒരു മോഷണക്കേസിലകപ്പെട്ടവനെ ആയുഷ്‌ക്കാലം മുഴുവന്‍ കുറ്റവാളിയായി ചാര്‍ത്തുന്ന നീതിന്യായവ്യവസ്ഥ. നമുക്ക് ഇഷ്ടപ്പെട്ടവരുടെ കളങ്കങ്ങള്‍ കാണാന്‍പോലും കഴിയാത്തവിധം നമ്മെ അന്ധരാക്കുന്ന മുന്‍ധാരണകള്‍. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റമാക്കുന്നതും മുന്‍ധാരണകള്‍ തന്നെ. ഭരണപക്ഷം എന്തുചെയ്താലും കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ഭാഗത്ത് ഒരു ശരിയും കാണാനാവാത്ത ഭരണപക്ഷം. സമുദായങ്ങള്‍ തമ്മിലും ദേശങ്ങള്‍ തമ്മിലും ഭാഷകള്‍ തമ്മിലുമുള്ള സഹവര്‍ത്തിത്വത്തെ പോലും ഈ മുന്‍ധാരണകള്‍ വികലമാക്കുന്നു.
വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വസ്തുതകളെ കാണാന്‍ കഴിയാതാക്കുന്ന ഈ മുന്‍ധാരണ ഒരു ആഗോള പ്രതിഭാസമാണെന്ന് അടുത്തകാലത്തു നടന്ന സാമൂഹിക മനശ്ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നതായി ടില്‍ബര്‍ഗ് യൂനിവേഴ്‌സിറ്റി (നെതര്‍ലന്‍ഡ്‌സ്) പ്രഫസര്‍ മാര്‍ക്ക് ബ്രാണ്ട് പറയുന്നു. യാഥാസ്ഥിതികരായാലും ഉല്‍പതിഷ്ണുക്കളായാലും ബുദ്ധി കൂടുതലുള്ളവരായാലും കുറഞ്ഞവരായാലും ഇതില്‍ വ്യത്യാസമില്ലെന്ന് ഗവേഷണഫലങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സനാലിറ്റി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തികഞ്ഞ നൈതികബോധമുള്ളവര്‍ക്കു മാത്രമേ മുന്‍ധാരണകളെ മറികടന്ന് സത്യം വിലയിരുത്താന്‍ കഴിയുകയുള്ളൂ. അത്തരക്കാര്‍ വളരെ അപൂര്‍വമാണ്. നമുക്കു ചുറ്റുപാടുമുള്ളവരെ നോക്കിയാല്‍ ഇതു ബോധ്യപ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക