|    Mar 25 Sat, 2017 1:24 pm

മുന്‍ഗണന മാലിന്യനിര്‍മാര്‍ജനത്തിനാവട്ടെ

Published : 19th May 2016 | Posted By: SMR

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇന്നു പുറത്തുവരും. ആര് അധികാരത്തില്‍ വന്നാലും അവര്‍ ആദ്യം കൈകാര്യം ചെയ്യേണ്ടതു സംസ്ഥാനം നേരിടുന്ന, വരുംവര്‍ഷങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളിലൊന്നായ പരിസ്ഥിതി മലിനീകരണമാണ്. ജനങ്ങളുടെ ജീവിതരീതിയില്‍ മാറ്റംവരുകയും വീട് വയ്ക്കാനുള്ള ഭൂമി കുറഞ്ഞുവരുകയും ചെയ്യുന്നതിനനുസരിച്ചു കേരളത്തില്‍ പരിസ്ഥിതിയില്‍ ഉണ്ടാവുന്ന സമ്മര്‍ദ്ദം കൂടിവരുകയാണ്. വലിച്ചെറിയേണ്ട അവശിഷ്ടങ്ങളുടെ അളവ് കൂടിവരുന്നു. ഉപഭോഗവസ്തുക്കളുടെ പാക്കേജിങിന് ഉപയോഗിക്കുന്ന സാധനങ്ങളില്‍ പലതും ദീര്‍ഘകാലം കേടുകൂടാതെ നില്‍ക്കുന്നവയാണ്. മാലിന്യനിര്‍മാര്‍ജനം സംബന്ധിച്ചു ചട്ടങ്ങളുണ്ടാക്കുന്നതിനുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ വര്‍ഷംപ്രതി രാഷ്ട്രം 62 ദശലക്ഷം ടണ്‍ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നു വ്യക്തമാക്കിയിരുന്നു. അതായത്, കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അത്തരം മാലിന്യങ്ങള്‍ ഇരട്ടിയായി. നഗരങ്ങളാണു മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനു മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ നാം ഇതിനകം സാക്ഷിയായ എല്ലാ ജനകീയ സമരങ്ങളും നഗരമാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരേ ഗ്രാമവാസികള്‍ നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് വന്‍തോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടനങ്ങളും റെയില്‍വേയും വിമാനത്താവളങ്ങളും ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഉണ്ടാകാവുന്ന അനര്‍ഥങ്ങള്‍ ഊഹിക്കാന്‍ പറ്റാത്തത്ര ഭീമമാണ്.
തിരഞ്ഞെടുപ്പ് പ്രചാരവേലയിലൊന്നും സംസ്ഥാനം നേരിടുന്ന മലിനീകരണത്തെക്കുറിച്ചു കാര്യമായി ചര്‍ച്ചചെയ്യാന്‍ ഒരു മുന്നണിയും തയ്യാറായില്ലെന്നത് ശുഭസൂചനയല്ല. യുഡിഎഫ് ഗവണ്‍മെന്റ് ഒരിക്കല്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു വിലക്കിയെങ്കിലും വലിയ സമ്മര്‍ദ്ദം കാരണമായിരിക്കാം നിരോധം ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിക്കുകയാണുണ്ടായത്. മാത്രമല്ല, ഈ പ്രാവശ്യം എല്ലാ പാര്‍ട്ടികളും മല്‍സരിച്ചു. സ്ഥാനാര്‍ഥികളുടെ വലിയ പടങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതാണു നാം കണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണുരുട്ടുമോ എന്നതു മാത്രമായിരുന്നു ഒരേയൊരു നിയന്ത്രണം.
മാലിന്യസംസ്‌കരണത്തെ കുറിച്ചു പഠിച്ച വിദഗ്ധന്‍മാരൊക്കെ നഗരസഭകള്‍ അവയെല്ലാം ശേഖരിച്ച് ഒരിടത്തു കൂട്ടി സംസ്‌കരിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്നു. കാരണം അവ ചെലവു കൂടിയതും പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നഗരമാലിന്യങ്ങളില്‍ മെര്‍ക്കുറി കൂടുതലുള്ളതിനാല്‍ അവയുപയോഗിച്ചുള്ള ഊര്‍ജോല്‍പാദനം മറ്റു വഴിയിലൂടെയുള്ള മലിനീകരണങ്ങളുണ്ടാക്കുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തിലൊന്നും കേരളത്തിലെ നഗരസഭകളോ പഞ്ചായത്തുകളോ ഗൗരവത്തില്‍ ആലോചിച്ചതായി കാണുന്നില്ല.
ഏതാണ്ട് ഒരു വന്‍നഗരത്തിന്റെ ഉപഭോഗശീലങ്ങളുള്ള സംസ്ഥാനത്ത് വികേന്ദ്രീകൃതമായ മാലിന്യ സംസ്‌കരണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന മുന്നണിക്ക് ഉത്തരവാദിത്തമുണ്ട്. പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണ് കേരളം. ഈ മേഖലയിലും ഒരു കേരളാ മോഡല്‍ സൃഷ്ടിക്കാന്‍ ഭരണകൂടം മുന്നോട്ടുവന്നേ തീരു!

(Visited 50 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക