|    Nov 18 Sun, 2018 9:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മുന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കിയില്ല; അപേക്ഷ സ്വീകരിക്കാനാവാതെ അക്ഷയ കേന്ദ്രങ്ങള്‍

Published : 3rd August 2018 | Posted By: kasim kzm

കെ വി ഷാജി സമത

കോഴിക്കോട്: സംസ്ഥാനത്ത്്് അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ഓണ്‍ലൈന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള തടസ്സം ഇനിയും നീങ്ങിയില്ല. വില്ലേജ്, പഞ്ചായത്ത് ഓഫിസുകളില്‍ നിന്നു ലഭിക്കേണ്ട ഒട്ടുമിക്ക സ ര്‍ട്ടിഫിക്കറ്റുകള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴും മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ അവസരമില്ല. മുന്നാക്ക വിഭാഗങ്ങളില്‍ ആരെല്ലാം ഉള്‍പ്പെടുന്നു എന്നതു സംബന്ധിച്ച പട്ടിക തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തടസ്സമാവുന്നത്.
എസ്‌സി-എസ്ടി, ഒബിസി, ഒഇസി തുടങ്ങിയ വിഭാഗങ്ങളുടെ പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മുന്നാക്കക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് ഒരു ആധികാരിക രേഖ സര്‍ക്കാരിന്റെ കൈവശമില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ സര്‍വറുകളില്‍ ഇതിനുള്ള ഓപ്ഷന്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന സാങ്കേതികതടസ്സമാണ് അക്ഷയ കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍, വില്ലേജ് ഓഫിസുകളില്‍ നേരിട്ടെത്തി അപേക്ഷിക്കുന്ന മുന്നാക്കക്കാര്‍ക്കു ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നുമുണ്ട്. റവന്യൂ വകുപ്പ് പുറത്തിറക്കിയ റവന്യൂ ഗൈഡിലെ മുന്നാക്ക വിഭാഗങ്ങളുടെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണു വില്ലേജ് ഓഫിസുകള്‍ ഇപ്പോള്‍ മുന്നാക്ക ജാതി സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്. അങ്ങിനെയെങ്കില്‍, ഇതേ പട്ടിക ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കും ബാധകമാക്കാവുന്നതല്ലേ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ കുഴങ്ങുകയാണു ഓണ്‍ലൈന്‍ അപേക്ഷകര്‍.
മിശ്രവിവാഹിതര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കണമെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മിശ്രവിവാഹിതരില്‍ ഒരാള്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടതാണെങ്കില്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യമാണു നിലവിലുള്ളത്.
അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ ഈ കാര്യം വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രോജക്റ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊജക്റ്റിന്റെ സംസ്ഥാനതല യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്തു. മുന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന ഈ പ്രശ്‌നം അക്ഷയ പ്രൊജക്റ്റിന്റെ ചുമതലയുള്ളവര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തി ല്‍, മുന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് നിര്‍ദേശിച്ചു. റവന്യൂ ഗൈഡ് ഉള്‍പ്പെടെയുള്ള ആധികാരിക രേഖകള്‍ പരിശോധിച്ചും മറ്റു രീതിയിലുള്ള തെളിവെടുപ്പുകള്‍ നടത്തിയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മുന്നാക്ക വിഭാഗങ്ങളുടെ കരട് പട്ടിക സര്‍ക്കാരിനു സമര്‍പ്പിച്ചതായാണു വിവരം. ഈ കരടു പട്ടികയില്‍ ഭേദഗതികള്‍ ഉണ്ടെങ്കില്‍ അതുള്‍പ്പെടെ പരിഗണിച്ച് അന്തിമ പട്ടിക തയ്യാറാക്കി വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരമാവൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss