|    Nov 14 Wed, 2018 2:09 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മുന്നറിയിപ്പു പോലും നല്‍കാതെ ഇവിടം അവര്‍ ദുരന്തഭൂമിയാക്കി

Published : 14th August 2018 | Posted By: kasim kzm

ജംഷീര്‍ കൂളിവയല്‍

പടിഞ്ഞാറത്തറ: ഡാം തുറന്നിട്ടുണ്ട്, വെള്ളം ഇങ്ങെത്തി… ഇതു കേട്ടതോടെ ജീവനും കൊണ്ടോടുകയായിരുന്നു ഞങ്ങളെല്ലാം- ബാണാസുര ഡാം തുറന്നുവിട്ട് ജില്ലയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഇത്രയധികം പ്രളയക്കെടുതികള്‍ വരുത്തിവച്ച അധികൃതരുടെ നടപടിയെക്കുറിച്ച് നിറകണ്ണുകളോടെയല്ലാതെ പടിഞ്ഞാറത്തറ നിവാസികള്‍ക്ക് വിവരിക്കാന്‍ കഴിയുന്നില്ല.
മാറിയുടുക്കാനൊരു മുണ്ടെടുക്കാന്‍ പോലും കഴിഞ്ഞില്ല. അവശ്യരേഖകള്‍ സുരക്ഷിതമായി മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ല. അതിനൊന്നും അവര്‍ സമയം തന്നില്ല- പ്രതിഷേധമാണ് ഇവരുടെ വാക്കുകളില്‍. ജലവൈദ്യുത പദ്ധതിക്കായി പടിഞ്ഞാറത്തറയില്‍ നിര്‍മിച്ച ബാണാസുര ഡാമില്‍ നിന്നു യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വെള്ളം തുറന്നുവിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 15ന് 40 സെന്റിമീറ്റര്‍ മാത്രം ഷട്ടര്‍ ഉയര്‍ത്തിയായിരുന്നു വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചത്. പിന്നീട് ഇത് മഴ വര്‍ധിച്ചതോടെ 130 സെന്റിമീറ്റര്‍ വരെയാക്കി. മഴ കുറഞ്ഞതോടെ വീണ്ടും അളവ് കുറക്കുകയും ചെയ്തു. എന്നാല്‍, ആഗസ്ത് 8ന് മഴ ശക്തമായതോടെ മുന്നറിയിപ്പു പോലും നല്‍കാതെ വെള്ളം തുറന്നുവിടുന്നതിന്റെ തോത് ആദ്യം 230 സെന്റിമീറ്ററും പിന്നീട് 290 സെന്റിമീറ്ററുമാക്കി ഉയര്‍ത്തി.
ഇതോടെ മഴവെള്ളത്തിനു പുറമേ റിസര്‍വോയറില്‍ നിന്നുള്ള വെള്ളവും കരമാന്‍ തോട്ടിലൂടെ കുത്തിയൊഴുകാന്‍ തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് സമീപപ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. ആവശ്യത്തിന് ബോട്ടുകള്‍ ഏര്‍പ്പാടു ചെയ്യാന്‍ പോലും അധികൃതര്‍ക്കായില്ല. നാട്ടുകാരുടെ പരിശ്രമവും ജാഗ്രതയുമില്ലായിരുന്നുവെങ്കില്‍ ആയിരങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടേനെ. രാത്രി ഏറെ വൈകിയിട്ടും ദുരിതാശ്വാസ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കുമുള്ള പലായനം തുടരുകയായിരുന്നു. വൈത്തിരി, മാനന്തവാടി താലൂക്കുകളിലാണ് ഡാം ദുരിതം തീര്‍ത്തത്. 135 ദുരിതാശ്വാസ ക്യാംപുകളിലായി 2597 കുടുംബങ്ങളിലെ 13889 പേരെയാണ് താല്‍ക്കാലികമായി മാറ്റിത്താമസിപ്പിക്കേണ്ടിവന്നത്. ഇന്നലെ വീണ്ടും 150 സെന്റിമീറ്ററിലേക്ക് ഷട്ടര്‍ ഉയര്‍ത്തി. പനമരം, കോട്ടത്തറ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, തരിയോട് പഞ്ചായത്തുകളെയാണ് ഡാം വെള്ളം ദുരിതത്തിലാക്കിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss