|    Nov 22 Thu, 2018 1:51 am
FLASH NEWS

മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നെന്ന്; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Published : 12th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിനെ തുടര്‍ന്ന് കബനി നദിയുടെ കൈവഴികളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയതായി കേരള കോണ്‍ഗ്രസ്-ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം സി സെബാസ്റ്റ്യന്‍ അറിയിച്ചു.
വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ദുരിതബാധിതരില്‍നിന്നു തെളിവെടുപ്പ് നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നൊരുക്കം നടത്താതെയും ജനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കാതെയുമാണ് ബാണാസുര അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നത്. അണക്കെട്ടില്‍നിന്നു അപ്രതീക്ഷിതമായി കടമാന്‍ തോട്ടിലൂടെ പനമരം പുഴയിലേക്കും അതുവഴി കബനിയിലേക്കും സെക്കന്‍ഡില്‍ 1,62,000 ലക്ഷം ലിറ്റര്‍ തോതിലാണ് വെള്ളം ഒഴുക്കിയത്.
ഇതേത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഏക്കര്‍ കണക്കിനു കൃഷി നശിക്കുന്നതിനും നിരവധി വീടുകള്‍ ഭാഗികമായി തകരുന്നതിനും കാരണമായി. മാറിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലും എടുക്കാനാവാതെയാണ് നൂറുകണക്കിനു കുടുംബങ്ങള്‍ പ്രാണരക്ഷാര്‍ഥം വീടുകളില്‍നിന്നു ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയത്. വെള്ളംകയറി നിരവധി വീടുകളില്‍ വിലപിടിപ്പുള്ളതടക്കം ഉപകരണങ്ങള്‍ നശിച്ചു.
പ്രമാണങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും നഷ്ടപ്പെട്ടവരും അനവധിയാണ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് പല കുടുംബങ്ങള്‍ക്കും ഉണ്ടായത്. ഇതു നികത്താനുള്ള ഉത്തരവാദിത്തം ബണാസുര അണക്കെട്ടിന്റെ നിയന്ത്രണാധികാരമുള്ള വൈദ്യുതി വകുപ്പിനുമുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് അണ കവിഞ്ഞൊഴുകുന്നതിനും ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനും ഇടയാക്കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss