|    Jan 18 Wed, 2017 7:41 pm
FLASH NEWS

മുന്നറിയിപ്പില്ലാതെ റോഡ് അടച്ചെന്ന് യാത്രക്കാര്‍; പാലം പണിക്കു പുറമെ കായികക്ഷമത പരിശോധന;ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടി ജനം

Published : 5th October 2016 | Posted By: Abbasali tf

കണ്ണൂര്‍: വളപട്ടണം പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതഗാതനിയന്ത്രണം കുരുക്കിനു കാരണമാക്കിയതിനു പിന്നാലെ ഇരുട്ടടിയായി കായികക്ഷമത പരിശോധനയും. ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടിയ യാത്രക്കാരെ അധികൃതരുടെ നടപടി ഏറെ ബുദ്ധിമുട്ടിച്ചു. ഇന്നലെയാണ് വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികളുടെ കായിക ക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ്(2 കിലോമീറ്റര്‍ ഓട്ടം) നടന്നത്. ഇതുകാരണം രാവിലെ 6 മുതല്‍ പയ്യാമ്പലം ബീച്ച്-നീര്‍ക്കടവ് റോഡ്, പുതിയതെരു(സ്റ്റെപ് റോഡ്)-നാറാത്ത് റോഡ് എന്നീ രണ്ടു കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് റോഡുകളിലും രാവിലെ 6നും 11നും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേരത്തേ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. വളപട്ടണം പാലം വഴിയുള്ള ബസ് ഒഴികെയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതു മൂലെ ധര്‍മശാല, മയ്യില്‍, കാട്ടാമ്പള്ളി റൂട്ടിലൂടെയാണ് ഭാരവണ്ടികള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചു വിടുന്നത്. ഇതിനിടെ കായിക ക്ഷമത പരിശോധനയുടെ ഭാഗമായുള്ള ഓട്ടത്തിനായി റോഡ് വിട്ടുകൊടുക്കുക കൂടിയ ചെയ്തതോടെ വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുമാണ് ഏറെ വലഞ്ഞത്. രാവിലെ തന്നെ എത്താന്‍ പലരും ബുദ്ധിമുട്ടി. രാവിലെ 6 മുതല്‍ ജനങ്ങള്‍ കണ്ണൂരിലേക്കും മറ്റുമെത്താന്‍ പാടുപെടുകയായിരുന്നു. മുന്നറിയിപ്പുമില്ലാതെയാണ് റോഡ് അടച്ചതെന്നാണു പലരുടെയും പ്രതികരണം. എന്നാല്‍ മാധ്യമവാര്‍ത്തകള്‍ വലിയ പ്രാധാന്യത്തോടെ നല്‍കാതിരുന്നതാണ് തിരിച്ചടിയായത്. മയ്യില്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കൊളച്ചേരി മുക്ക് വഴി ചേലേരിയിലൂടെ കണ്ണാടിപ്പറമ്പ് വഴി സ്‌റ്റെപ്പ് റോഡിലൂടെയാണ് കണ്ണൂരിലേക്ക് തിരിച്ചുവിട്ടത്. കണ്ണൂരില്‍ നിന്നുള്ള വാഹനങ്ങള്‍ സ്‌റ്റെപ്പ് റോഡ് വഴി ഇതേ റൂട്ടിലൂടെയാണ് മയ്യില്‍, ചാലോട് ഭാഗത്തേക്ക് പോയത്. ധര്‍മശാലയില്‍ നിന്ന് വരുന്ന വാഹനങ്ങളും ഇതേ റൂട്ടിലൂടെ തിരിച്ചുവിട്ടു.     ഇടുങ്ങിയതും വളവും തിരിവുമുള്ള റോഡായതിനാല്‍ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സൗകര്യപ്രദമായ റോഡ് അടച്ചിട്ട് ഫോറസ്റ്റ് ഗാര്‍ഡിന്റെ ഫിസിക്കല്‍ ടെസ്റ്റ് പരിശീലനത്തിന് വിട്ടുകൊടുത്ത നടപടി പരക്കെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സാധാരണയായി കായിക പരിശോധനയും മറ്റും നടത്തിയിരുന്നത് താരതമ്യേന വാഹന ഗതാഗതം കുറഞ്ഞ പയ്യാമ്പലം റൂട്ടിലായിരുന്നു. ഇത് സ്‌റ്റെപ്പ് റോഡിനും കമ്പില്‍ ടൗണിനുമിടയില്‍ നടത്തിയതാണ് ദുരിതം ഇരട്ടിയാക്കിയത്. കായിക ക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ്(2 കിലോമീറ്റര്‍ ഓട്ടം) ഇന്നും നാളെയും കൂടി നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക