|    Oct 21 Sun, 2018 11:23 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

മുന്നണിയെ അപമാനിച്ച് മന്ത്രി തോമസ് ചാണ്ടി

Published : 3rd November 2017 | Posted By: fsq

സഖാവ് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലം. റവന്യൂ വകുപ്പ് സിപിഐക്കാണ്. തലമൂത്ത നേതാവ് പി എസ് ശ്രീനിവാസനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. കഴിവുള്ളവരും ജനകീയ മുഖമുള്ളവരുമായവരെ ജില്ലാ കലക്ടര്‍മാരായി നിയമിക്കണമെന്ന് സിപിഐ നേതൃയോഗം തീരുമാനിച്ചിരുന്നു. അതനുസരിച്ച് ശ്രീനിവാസന്‍ ഓരോ ജില്ലയിലും നിയമിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. മന്ത്രിസഭാ യോഗമാണ് കലക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനമെടുക്കുക. തിരുവനന്തപുരം ജില്ലാ കലക്ടറായി ബാലകൃഷ്ണന്‍ ഐഎഎസിന്റെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, തലസ്ഥാന ജില്ലയില്‍ സിപിഎമ്മിനു താല്‍പര്യം മറ്റൊരാളെ ആയിരുന്നു. പാര്‍ട്ടിതലത്തില്‍ ആ പേര് സിപിഎം മുന്നോട്ടുവച്ചെങ്കിലും കഴിവു പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും റവന്യൂ മന്ത്രി ശ്രീനിവാസന്‍ നിലപാടെടുത്തു. വിഷയം മന്ത്രിസഭാ യോഗത്തില്‍ വന്നപ്പോള്‍ ടി ശിവദാസമേനോന്‍ തര്‍ക്കം ഉന്നയിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ മരുമകനാണ് ബാലകൃഷ്ണന്‍ എന്നും അതുകൊണ്ട് അയാളെ നിയമിക്കാന്‍പാടില്ലെന്നും ശിവദാസമേനോന്‍ വാദിച്ചു. ഇതിനോട് ശ്രീനിവാസന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ”റവന്യൂ വകുപ്പ് മന്ത്രി ഞാനാണ്. ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കും എന്റെ പാര്‍ട്ടിക്കും നന്നായറിയാം. ഇക്കാര്യത്തില്‍ നിങ്ങളേക്കാളും പരിചയം ഞങ്ങള്‍ക്കാണ്. അതു നായനാര്‍ക്ക് അറിയുന്നതാണ്. ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പട്ടിക പ്രകാരം ബാലകൃഷ്ണന്‍ ഐഎഎസിനെ തിരുവനന്തപുരത്ത് നിയമിക്കും. അതില്‍ ഒരു മാറ്റവും ഇല്ല. ആരുടെ മകനാണ്, മരുമകനാണ് എന്നു നോക്കിയല്ല ഈ നിയമനം.” മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും ഒന്നും മിണ്ടിയില്ല. റവന്യൂ മന്ത്രി കൊടുത്ത പട്ടിക ഉടന്‍ അംഗീകരിച്ചു. മുന്നണി ഭരണത്തില്‍ സിപിഐയുടെയും ഘടകകക്ഷികളുടെയും പല മന്ത്രിമാരും സ്വന്തം വകുപ്പില്‍ മറ്റുള്ളവരുടെ ഇടപെടല്‍ അനുവദിച്ചിരുന്നില്ല. സി എച്ച് മുഹമ്മദ് കോയ (ലീഗ്), ബേബിജോണ്‍ (ആര്‍എസ്പി) തുടങ്ങിയവരൊക്കെ ഇക്കാര്യത്തില്‍ കടുംപിടിത്തക്കാരായിരുന്നു. കൂട്ടുകക്ഷിഭരണം എങ്ങനെ കൊണ്ടുപോവണമെന്നും ഓരോ ഘടകകക്ഷി മന്ത്രിമാര്‍ക്കും ഏതറ്റംവരെ പോവാമെന്നും നമുക്കു കാണിച്ചുതന്നത് സി അച്യുതമേനോന്റെ മന്ത്രിസഭയാണ്. ഘടകകക്ഷി നേതാക്കളുമായും മന്ത്രിമാരുമായും സ്‌നേഹബഹുമാനത്തോടെയായിരുന്നു അന്നു മുഖ്യമന്ത്രി പെരുമാറിയിരുന്നത്. മുഖ്യമന്ത്രി ഓരോ വകുപ്പിലും പതിവായി ഇടപെടാറില്ലായിരുന്നു. കൂട്ടായ ചര്‍ച്ചകളും കൂട്ടായ തീരുമാനങ്ങളും അക്കാലങ്ങളില്‍ പതിവാണ്. രാഷ്ട്രീയനേതൃത്വവും ഘടകകക്ഷികളും മുന്നണിസംവിധാനവും ഇക്കാര്യത്തില്‍ സദാ ജാഗ്രത പുലര്‍ത്തിപ്പോന്നു. പ്രധാനപ്പെട്ട വിഷയങ്ങള്‍ മുന്നണിയില്‍ ചര്‍ച്ചചെയ്യുക എന്ന ജനാധിപത്യമര്യാദ പാലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു വന്ന പികെവി മന്ത്രിസഭയും വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയും ഇക്കാര്യത്തില്‍ മുന്നണിയുടെ ആ നന്മ നിലനിര്‍ത്തിപ്പോന്നു. ഇടതുമുന്നണി ഇത്രയും കാലം കാത്തുസൂക്ഷിച്ച ഈ മര്യാദകളും നന്മകളും ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹബഹുമാനങ്ങളും പാടേ തകരുന്നതാണ് ഇപ്പോഴത്തെ അനുഭവം. സിപിഐയുടേത് ഉള്‍പ്പെടെ ഘടകകക്ഷി മന്ത്രിമാര്‍ പരിചയസമ്പന്നരല്ലാത്തത് ഇതിന് ഒരു കാരണമാവാം. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി വര്‍ത്തമാനം പറയാന്‍ അവര്‍ക്കു കഴിയാതെ വരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണവിഷയങ്ങള്‍ സജീവമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാത്തതും കാരണമാവാം. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മറ്റു വകുപ്പുകളില്‍ അനാവശ്യമായി ഇടപെടുന്നതു തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി വിലകല്‍പിക്കുന്നില്ല എന്ന നിരന്തര പരാതികള്‍ പരിഹരിക്കപ്പെടുന്നില്ല. എവിടെയും ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഇതു മാത്രമല്ല, അഴിമതികളുടെയും കൈയേറ്റങ്ങളുടെയും മറ്റു പ്രധാനപ്പെട്ട വിഷയങ്ങളിലും മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാടുകള്‍ കൈക്കൊള്ളുന്നു എന്നതാണ് കൂട്ടുകക്ഷി ഭരണത്തിലെ ഏറ്റവും വലിയ പരാജയമായി ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം ലോ കോളജ്, മൂന്നാര്‍ ഭൂമി കൈയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ റവന്യൂ വകുപ്പും മുഖ്യമന്ത്രിയും തമ്മില്‍ പരസ്യമായ തര്‍ക്കം നടന്നിരുന്നു. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കാര്യത്തിലും ഇതു തന്നെ സ്ഥിതി. ഭൂസംരക്ഷണ നിയമം ലംഘിച്ച തോമസ് ചാണ്ടിയുടെ കൈയേറ്റം ആലപ്പുഴ ജില്ലാ കലക്ടര്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. വീണ്ടും നിയമോപദേശം പ്രഖ്യാപിച്ച് ചാണ്ടിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമമാണു വിവാദത്തിലായത്. അതൊരു ഭരണപരമായ പ്രശ്‌നമാണ്. വിഷയം കോടതിയിലുമാണ്. കോടതിവിധിയുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടിവരും. മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍  ഒടുവിലുണ്ടായിരിക്കുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രശ്‌നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാനതല ജാഥയില്‍ പങ്കെടുത്ത് അദ്ദേഹം നടത്തിയ പരസ്യമായ വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാന്‍ മുന്നണിക്കും സര്‍ക്കാരിനും കഴിയില്ല. അണികള്‍ രോഷാകുലരാണ്. മുന്നണിയുടെ രണ്ടാം ഘടകകക്ഷിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയെ അപമാനിക്കുന്ന ഈ വെല്ലുവിളികള്‍ വലിയൊരു രാഷ്ട്രീയ തിരിച്ചടിയാണ്. ജാഥയെ കായലില്‍ മുക്കിയ അനുഭവമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss